ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക തുല്യത ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി. ലോക ഭിന്നശേഷി ദിനാചരണ ഉദ്ഘാടനവും സഹായ ഉപകരണ വിതരണവും കൊല്ലം രാമവര്‍മ ക്ലബ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തുല്യാവകാശവും തുല്യനീതിയും അര്‍ഹിക്കുന്നവരാണ് ഓരോ ഭിന്നശേഷിക്കാരും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ ഉയര്‍ത്താനുള്ള ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പൊതുസമൂഹം കരുതലോടെ ഇവരെ ചേര്‍ത്തുപിടിക്കണം-മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. എം. നൗഷാദ് എം.എല്‍.എ. സഹജീവനം ജില്ലാതല ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി.
ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി സി. ആര്‍. ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉണര്‍വ് കലാമത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ആര്‍. പി. ഡബ്ല്യു. ഡി. ആക്ട് സാധ്യതകളും വെല്ലുവിളികളും വിഷയത്തില്‍ സെമിനാറും നടന്നു. സാമൂഹ്യനീതി വകുപ്പ് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി എ. ഷണ്മുഖന്‍ ക്ലാസ്സുകള്‍ നയിച്ചു. ഉണര്‍വ് 2021 കലാവിരുന്നും നടന്നു.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. കെ. ഉഷ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സിജു ബെന്‍, ഡിഫറെന്‍ലി ഏബിള്‍ഡ് എംപ്ലോയ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി. എസ് സുജ സുഭാഷ്, ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പ്രതാപന്‍, ഡി. എ.ഡബ്ല്യു.എഫ് ജില്ലാ പ്രസിഡന്റ് സുനില്‍ ഇത്തിക്കര, ഡി.എ.പി. സി ജില്ലാ പ്രസിഡന്റ് പോളയില്‍ രവി, ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് പ്രസിഡന്റ് സജി, രാമവര്‍മ്മ ക്ലബ്ബ് പ്രസിഡന്റ് എം. വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.