ആധുനിക സൗകര്യങ്ങളോടെയുള്ള മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ഉടന്‍ തുടങ്ങുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ ജീവനം ദാരിദ്ര്യലഘൂകരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മൊബൈല്‍ വെറ്ററിനറി വാഹനത്തില്‍ എക്‌സ്‌റേ മെഷീന്‍ സംവിധാനം ഉണ്ടാകും. ഡോക്ടര്‍, അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നിവരുടെ സേവനം ഏതു സമയത്തും ലഭിക്കും.

ക്ഷീരമേഖലയിലെ സ്വയംപര്യാപ്തതയാണ് സര്‍ക്കാരിന്റെ മുന്‍ഗണനയിലുള്ളത്. ക്ഷീരഗ്രാമം നടപ്പിലാക്കുന്ന ജില്ലകളില്‍ ഗ്രാമശ്രീ പോര്‍ട്ടല്‍ ആരംഭിച്ച് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ അനായാസം ലഭ്യമാക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കേരളത്തിലെ മുഴുവന്‍ കര്‍ഷകരുടേയും പശുക്കളെയും ഇന്‍ഷുര്‍ ചെയ്യാനുള്ള പദ്ധതിയും ഉടന്‍ നടപ്പിലാക്കും. സി.ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തിലെ ക്ഷീര വികസന പദ്ധതികളുടെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്തിലെ മൃഗസംരക്ഷണ-ക്ഷീര പദ്ധതികളായ പോത്തു വളര്‍ത്തല്‍, വനിതകള്‍ക്കുള്ള പ്രത്യേക കന്നുകുട്ടി പരിപാലനം, കോഴി വളര്‍ത്തല്‍, പാലിന് സബ്‌സിഡി, കറവ പശുക്കള്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി, സമഗ്ര പാല്‍ ഉല്പാദനവും കറവപശു വാങ്ങാനുള്ള ധനസഹായം എന്നിവയുടെ പഞ്ചായത്ത്തല വിതരണോദ്ഘാടനമാണ് നടന്നത്. ജീവനം പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് 296 പോത്തിന്‍ കുട്ടികളെ നല്‍കി.
ഗ്രാമപഞ്ചായത്തിലെ മികച്ച ക്ഷീര കര്‍ഷകരെ ആദരിച്ചു. ഹരിത കര്‍മ്മ സേനയ്ക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് 23 ട്രോളികളും കൈമാറി.