പരിമിതികളെ തോൽപ്പിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ് വിഷ്ണു അമർനാഥ് എന്ന കലാകാരൻ. ഡൗൺ സിൻഡ്രോം രോഗത്തെ തോൽപ്പിച്ചാണ് വിഷ്ണു തന്റെ ഇഷ്ടത്തെ നേടിയെടുത്തത്. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിലാെന്നായിരുന്നു വിഷ്ണുവിന്റെ ഭരതനാട്യം.

ചെറുപ്പത്തിൽ സഹോദരിയുടെ നൃത്തം കണ്ടാണ് വിഷ്ണുവിന് ഈ കലയോട് പ്രിയം തോന്നുന്നത്. മുദ്രകൾ സസൂക്ഷ്മം വീക്ഷിക്കുമായായിരുന്നു. അത് മനസ്സിലാക്കി മാതാപിതാക്കൾ വിഷ്ണുവിനെ നൃത്ത വിദ്യാലയത്തിൽ ചേർത്തു. എന്നാൽ സാഹചര്യങ്ങൾ കൊണ്ട് പഠനം തുടരാൻ സാധിച്ചില്ല. പിന്നീട് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ലിസി എന്ന അധ്യാപികയാണ് കഴിവുകളെ കണ്ടെത്തി വീണ്ടും തുടരുവാൻ പ്രോത്സാഹിപ്പിച്ചത്.

സ്റ്റേജിൽ വിഷ്ണു എത്തുമ്പോൾ കാണികൾക്ക് കാണാൻ സാധിക്കുന്നത് ഡൗൺസിൻഡ്രോം ബാധിച്ച കുട്ടിയെ അല്ല മറിച്ച്, അടവുകളും മുദ്രകളും മനപ്പാഠമാക്കി അതിന്റെ പൂർണ ഭംഗിയോടെ അരങ്ങിൽ അവതരിപ്പിക്കുന്ന നർത്തകനെ ആണ്. നിരവധി സ്റ്റേജുകളാണ് ഇതിനോടകം തന്നെ വിഷ്ണു കീഴടക്കിയത്.

നൃത്തം വലിയ ഇഷ്ടമാണെന്ന് വിഷ്ണു പറയുന്ന ഓരോ തവണ കളിക്കുമ്പോഴും കൂടുതൽ ആസ്വദിക്കുന്നു.. സദസിന്റെ കയ്യടികൾ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. ഇനിയും കൂടുതൽ നൃത്തത്തെ കുറിച്ച് പഠിക്കണം എന്നാണ് ആഗ്രഹമെന്നും വിഷ്ണു പറയുന്നു.

ശ്രീ ശങ്കരാചാര്യ കോളേജിൽ നിന്നും ഭരതനാട്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും വിഷ്ണു നേടിയിട്ടുണ്ട്. നിലവിൽ ചലച്ചിത്രതാരവും ഡാൻസറുമായ വിനീതിന്റ ശിഷ്യത്വത്തിൽ നൃത്തം പഠിക്കുന്നുണ്ട്. ഒപ്പം എംഫിൽ പഠിക്കുകയോ സ്വന്തമായൊരു ജോലി നേടുകയാ ആണ് സ്വപ്നം. മൂവാറ്റുപുഴ സ്വദേശികളായ ആയ അമർനാഥ്, ഗീത ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി അപർണ (ഫിസിഷ്യൻ, ആലുവ താലൂക്ക് ആശുപത്രി).