പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.ബാബു എം എൽ എ. തൃപ്പൂണിത്തുറ മണ്ഡലത്തിലെ എം എൽ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുരോഗമിക്കുന്ന പദ്ധതികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിട നിർമ്മാണത്തിന് 85 ലക്ഷം രൂപയും ഡയാലിസിസ് ഉപകരണങ്ങൾ വാങ്ങുന്നതിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്. കെട്ടിട നിർമ്മാണം പൂർത്തിയായി. പത്ത് കിടക്കകളുള്ള യൂണിറ്റാണ് ആരംഭിക്കുന്നത്. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും കെ.ബാബു നിർദ്ദേശം നൽകി.
2022 ഫെബ്രുവരി 28 നുള്ളിൽ തന്നെ എല്ലാ പദ്ധതികളും ആരംഭിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു. ഭരണാനുമതിക്കു വേണ്ടി പ്രവർത്തികളിൽ കാലതാമസം വരുത്തരുതെന്നും എം എൽ എ പറഞ്ഞു.
40 പ്രവർത്തികളുടെ അവലോകന യോഗമാണ് കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്നത്. പദ്ധതി നിർവഹണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.