** മാലിന്യ സംസ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്ക് ഹരിത കേരളം മിഷന്‍ ഗ്രേഡിംഗ് നല്‍കി
ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ഹരിത കേരളം മിഷന്‍ പഞ്ചായത്തുകള്‍ക്ക് ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ ഗ്രേഡിംഗ് നല്‍കി.
ഓരോ പഞ്ചായത്തിലെയും വാര്‍ഡുകളില്‍ ഹരിതകര്‍മ്മ സേന വഴി നടക്കുന്ന അജൈവ മാലിന്യ ശേഖരണ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന വാതില്‍പ്പടി ശേഖരണം, യൂസര്‍ ഫീ കളക്ഷന്‍, മിനി എം.സി.എഫ്, എം.സി.എഫ് പ്രവര്‍ത്തനം, സുരക്ഷാ ഉപകരണങ്ങളുടെ വിതരണം, ഹരിത കര്‍മ്മ സേനയുടെ വേതനം, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം രൂപീകരണം, ക്ലീന്‍ കേരള കമ്പനിയുമായിട്ടുള്ള ലിങ്കേജ്, നടപ്പിലാക്കിയ നിയമ നടപടികള്‍ തുടങ്ങിയവയാണ് ഇതിനായി പരിഗണിച്ചത്.
പൂവച്ചല്‍, കുന്നത്തുകാല്‍, പാറശാല, കല്ലിയൂര്‍, മംഗലപുരം, ചെമ്മരുതി, ചെറുന്നിയൂര്‍, തൊളിക്കോട്, അരുവിക്കര, കരകുളം, വക്കം, ചെങ്കല്‍, കൊല്ലയില്‍, മുദാക്കല്‍, പുല്ലമ്പാറ, കാട്ടാക്കട, ഇലകമണ്‍, കാഞ്ഞിരംകുളം, കിഴുവിലം എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിളവൂര്‍ക്കല്‍, അഴൂര്‍, കിളിമാനൂര്‍, പഴയകുന്നുമ്മല്‍, മലയിന്‍കീഴ്, പുളിമാത്ത് കഠിനംകുളം, പൂവാര്‍, അതിയന്നൂര്‍, നാവായിക്കുളം, പള്ളിച്ചല്‍, നന്ദിയോട്, വിളപ്പില്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ റെഡ് കാറ്റഗറിയിലും ശേഷിക്കുന്നവ ഓറഞ്ച് കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി ഗ്രേഡില്‍ മാറ്റം വരുന്നതിന് അപേക്ഷിക്കാവുന്നതാണ്. രണ്ട് മാസത്തില്‍ ഒരിക്കല്‍ ഗ്രാമ പഞ്ചായത്തുകളുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കാറ്റഗറി മാറ്റം അനുവദിക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.