ഡിസംബര്‍ 31 നകം അതിദരിദ്രരെ കണ്ടെത്തും

അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി പ്രാഥമിക പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ അഞ്ച്) വൈകിട്ട് മൂന്നിന് ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ നാലാം വാര്‍ഡില്‍ തുടക്കം കുറിക്കും. കാറല്‍മണ്ണ സാംസ്‌കാരിക നിലയത്തില്‍ ചേരുന്ന യോഗത്തില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയുടെ ജില്ലാതല ഉദ്ഘാടനം അഡ്വ കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയാകും.

ജില്ലയില്‍ 88 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലുമായി 1730 വാര്‍ഡ്തല സമിതികളാണ് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച നടത്തുന്നത്. കുടുംബശ്രീ, സാമൂഹിക സംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ കണ്ടെത്തുന്ന അതിദരിദ്രരുടെ പ്രാഥമിക പട്ടിക വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയിലുള്ള സമിതി ക്രോഡീകരിച്ച് മൂന്ന് അംഗങ്ങളുള്ള എന്യൂമറേഷന്‍ ടീമിന് കൈമാറും. ശേഷം ലിസ്റ്റുകള്‍ എം.ഐ.എസില്‍ (മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അപ്ലോഡ് ചെയ്ത് എന്യൂമറേഷന്‍ ടീം വീടുകളില്‍ നേരിട്ട് പോയി മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നു. എന്യൂമറേഷനിലൂടെ കണ്ടെത്തുന്ന ലിസ്റ്റ് ബ്ലോക്കില്‍ നിന്നുള്ള ടീം സൂപ്പര്‍ ചെക്ക് നടത്തി അനര്‍ഹരെ ഒഴിവാക്കി ഗ്രാമസഭയുടെ അംഗീകാരത്തിന് ശേഷം ഭരണസമിതി അംഗീകരിച്ച് ഡിസംബര്‍ 31 നകം പഞ്ചായത്തുകളില്‍ അതിദരിദ്രരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.