**കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ ഷെഡുകള്‍ പ്രവര്‍ത്തന സജ്ജമായി

എല്ലാത്തരം പക്ഷിമൃഗാദികളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഫാമായി കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തെ മാറ്റാനാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇവിടെ പുതുതായി നിര്‍മിച്ച കന്നുകാലി ഷെഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആകെ 18.75 ഏക്കര്‍ സ്ഥലമുള്ളതില്‍ 11.53 ഏക്കറില്‍ മാത്രമാണ് ഇപ്പോള്‍ പുല്‍ക്കൃഷി നടക്കുന്നത്. മിച്ചമുള്ള സ്ഥലം കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നു. സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ പ്രത്യേക ടീമിനെ നിയോഗിച്ച് സര്‍വേ നടത്തി ഇത്തരം സ്ഥലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ മേഖലയിൽ വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാ ജില്ലയിലും ഉടൻ ടെലി വെറ്റിനറി യൂണിറ്റുകള്‍ തുടങ്ങും. പശുക്കളുടെ എക്‌സ്‌റേ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും വിടെയുണ്ടാകും. കൂടാതെ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മൊബൈല്‍ വെറ്റിനറി യൂണിറ്റ് ആരംഭിക്കുന്നതിനുളള തയാറെടുപ്പും നടക്കുന്നുണ്ട്. രാത്രിയിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും വീടുകളിലെത്തി ചികിത്സ നല്‍കാനും ഇതു വഴി സാധിക്കും. രണ്ടു മാസത്തിനകം 29 ആംബുലന്‍സുകള്‍ പുറത്തിറക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് ഏതു സമയത്തും ബന്ധപ്പെടാനായി സംസ്ഥാന തലത്തില്‍ കോള്‍ സെന്ററും തുറക്കും. കൂടുതല്‍ പാല്‍ തരുന്ന പശുക്കളെ കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട പരീക്ഷണങ്ങള്‍ സംസ്ഥാന കന്നുകാലി വികസന ബോര്‍ഡ് നടത്തി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

24 പശുക്കള്‍ക്കുള്ള ഷെഡും 50 ആടുകള്‍ക്കുള്ള കൂടും 65 ലക്ഷം രൂപ ചെലവഴിച്ചാണ് കുടപ്പനക്കുന്ന് ഫാമിൽ പുതുതായി നിര്‍മിച്ചത്.

ശാസ്ത്രീയമായ പശു പരിപാലനം, ആടുവളര്‍ത്തല്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി കര്‍ഷക സെമിനാറും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജയചന്ദ്രന്‍ നായര്‍, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.