മൂവാറ്റുപുഴ: ലഹരിക്കെതിരെ ജനകീയ മുന്നേറ്റമൊരുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ഭവന സന്ദർശനം ശ്രദ്ധേയമായി. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷൻ്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ മണിയന്തടം കോളനിയിലാണ് ലഹരിക്കെതിരെ ജനകീയ പരിശോധനയും ഭവന സന്ദർശനവും നടത്തിയത്. സ്ത്രീകളടക്കമുള്ളവരുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.ജില്ലാ പട്ടികജാതി വികസന വകുപ്പിൻ്റെ സഹകരണത്തോടെ നടത്തിയ പരിപാടിയുടെ ഭാഗമായി കോളനിയിലെ ടൂറിസ്റ്റ് കേന്ദ്രമായ രസതന്ത്രം പാറയിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30 മുതൽ വിവിധ പരിപാടികൾ നടന്നു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് അധ്യക്ഷത വഹിച യോഗത്തിൽ മധ്യമേഖലാ എക്സൈസ് ജോ.കമ്മീഷണർ പി.കെ സനു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടോമി തന്നിട്ടമാക്കൽ,ബ്ലോക്ക് പഞ്ചായത്തംഗം ജോസിജോളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ രതീഷ് മോഹൻ, ഗ്രാമപഞ്ചായത്തംഗം സെലിൻ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ സ്വാഗതവും പട്ടികജാതി വികസന വകുപ്പ് സീനിയർ ക്ലർക്ക് ശ്രീനാഥ് ശ്രീധരൻ നന്ദിയും പറഞ്ഞു. തുടർന്നാണ് മഞ്ഞള്ളൂർ പഞ്ചായത്തിലെ 5, 6 വാർഡുകളുൾപ്പടുന്ന മണിയന്തടം കോളനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും എക്സൈസ് ജോ.കമ്മീഷണർ പി.കെ സനുവിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സംയുക്തമായി ജനകീയ പരിശോധനയും ഭവന സന്ദർശനവും നടത്തിയത്. ലഹരി വിരുദ്ധ സന്ദേശമടങ്ങിയ ലഘുലേഖയും ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയിക്കുന്നതിനുള്ള ഫോൺ നമ്പറുകളും വീടുകളിൽ വിതരണം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് പട്ടികജാതി വകുപ്പും വിമുക്തി മിഷനും വിവിധ പരിപാടികൾ നടത്തിയിരുന്നു.ഇതിൻ്റെ തുടർച്ചയായി കഴിഞ്ഞ 21 ന് മണിയന്തടം കോളനിയിൽ വിമുക്തി മിഷനും പട്ടികജാതി വികസന വകുപ്പും ജനകീയ മുഖാമുഖം നടത്തിയിരുന്നു. ഇതിലെ നിർദേശങ്ങളുടെ തുടർച്ചയായാണ് പ്രദേശത്തെ ടൂറിസം മേഖലയായ രസതന്ത്രം പാറ കേന്ദ്രീകരിച്ച് ജനകീയ പരിശോധനയും ഭവന സന്ദർശനവും നടന്നത്.പരിപാടികൾക്ക് എസ്.സി കോർഡിനേറ്റർ അഖിൽ ദേവ്, സി.ഡി.എസ് മെമ്പർ സുധ തുടങ്ങിയവർ നേതൃത്വം നൽകി.