എറണാകുളം: ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷി ഭവനും വിദ്യാർത്ഥികൾക്കായി ലഘുചിത്രമേള സംഘടിപ്പിച്ചു. മേള സിനിമാതാരവും ഗായകനുമായ വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു.
മണ്ണ് മുഖ്യ പ്രമേയമാക്കി 18 ചിത്രങ്ങളാണ് മത്സരിച്ചത്. മണ്ണ് സംരക്ഷണം, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്ക്കരണം, മണ്ണൊലിപ്പ് തടയാൻ മരങ്ങൾ വെച്ചുപിടിപ്പിക്കൽ, ജൈവ കൃഷി മുതലായ വിഷയങ്ങളാണ് മേളയിലുടനീളം അവതരിപ്പിക്കപ്പെട്ടത്.
കുട്ടികൾ മണ്ണപ്പം ചുട്ടും മണ്ണു കിളച്ചും വിത്തു വിതച്ചുമൊക്കെ മാതൃകയാവുന്ന മനോഹരമായ ചിത്രങ്ങൾ, കാണുന്ന ഓരോ മനുഷ്യനും പ്രചോദനമായി. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം, യുവതലമുറയ്ക്ക് മണ്ണിനോടുള്ള വിമുഖത മുതലായ വിഷയങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്. 3 മിനിറ്റ് ദൈർഘ്യമുള്ള ലഘുചിത്രങ്ങൾ മൊബൈൽ ഫോണിൽ നിർമ്മിച്ചാണ് മത്സരത്തിനായി സമർപ്പിച്ചത്.
പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും കർഷകർക്കും കാണുന്നതിനായി കാട്ടിക്കുളം മഹാത്മാഗാന്ധി സ്മാരക സാംസ്ക്കാരിക കേന്ദ്രത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നാല് പ്രദർശനങ്ങൾ സംഘടിപ്പിച്ചു. മികച്ച ജനപ്രിയ ചിത്രം തിരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് മണ്ണ് ദിനവുമായി ബന്ധപ്പെട്ട് ഒരു ലഘുചിത്രമേള സംഘടിപ്പിച്ചത്. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ മണ്ണ് എന്ന ആശയം ഏറ്റെടുത്ത് മത്സരത്തിൻ്റെ ഭാഗമായി.
കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കമലാ സദാനന്ദൻ, ജെൻസി തോമസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സെബാസ്റ്റ്യൻ തോമസ്, ബിജു പഴമ്പിള്ളി, മന്നം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബഷീർ, കൃഷി ഓഫീസർ കെ.സി റൈഹാന, വിദ്യാർത്ഥികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
മത്സരത്തിൽ മികച്ച മൂന്ന് ചിത്രങ്ങൾക്ക് ഡിസംബർ 5 മണ്ണ് ദിനാഘോഷ വേദിയിൽ വെച്ച് പുരസ്ക്കാരങ്ങൾ നൽകും. ജി.വി.എച്ച്.എസ്.എസ് കൈതാരം, ഗവ.യു.പി സ്കൂൾ കോട്ടുവള്ളി, സെൻ്റ് ലൂയിസ് എൽ.പി സ്കൂൾ കോട്ടുവള്ളി, സെൻ്റ് ഫിലോമിനാസ് എച്ച്.എസ്.എസ് കൂനമ്മാവ്, സെൻ്റ് ജോസഫ് യു.പി.എസ് കൂനമ്മാവ്, സെൻ്റ് ജോസഫ് എച്ച്.എസ് കൂനമ്മാവ്, ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂൾ, ഗവ. എച്ച്.എസ്.എസ് തത്തപ്പിള്ളി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ക്യാപ്ഷൻ: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷി ഭവനും വിദ്യാർത്ഥികൾക്കായി ലഘുചിത്രമേള വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യുന്നു