ഇടുക്കി ജില്ലയില്‍ ഇടമലക്കുടി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ (രണ്ട് പഞ്ചായത്തിലെയും വാര്‍ഡ് 9) നിലവിലുളള ഒഴിവ് നികത്തുന്നതിനായി ഡിസംബര്‍ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് 9 വടക്കേ ഇടലിപ്പാറക്കുടി) ഒരു ബൂത്തും രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് 9 കുരിശുംപടി) രണ്ട് ബൂത്തും ഉള്‍പ്പെടെ ആകെ മൂന്ന് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുളളത്.

ജി014-ഇടമലക്കുടി വാര്‍ഡ് 9 വടക്കേ ഇടലിപ്പാറക്കുടിയുടെ വോട്ടെണ്ണല്‍ ദേവികുളം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചും ജി 18-രാജാക്കാട് വാര്‍ഡ് 09-കുരിശുംപടി യുടെ വോട്ടെണ്ണല്‍ രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ചും ഡിസംബര്‍ 8 ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്നതുമാണെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടമലക്കുടി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡ് 9 ന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലോക്കല്‍ ബോഡീസ്, സ്റ്റാറ്റിയൂട്ടറി ബോഡീസ്, കോര്‍പ്പറേഷന്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജില്ലാ കളക്ടര്‍ ഡിസംബര്‍ 7 ന് അവധി പ്രഖ്യാപിച്ചു. കൂടാതെ പ്രസ്തുത വാര്‍ഡുകളുടെ പരിധിയില്‍ ഡിസംബര്‍ 5 ന് വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന ഡിസംബര്‍ 7 ന് വൈകിട്ട് 6 മണിവരെയുളള 48 മണിക്കൂര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുളളതുമാണ്.