കായിക വകുപ്പ് വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു
26 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി സീനിയര്‍ വനിത നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി പുറത്തിറക്കി. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ട്രോഫിയുടെ പ്രകാശനം നിര്‍വഹിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ കോംപറ്റീഷന്‍ ഡയറക്ടര്‍ രാഹുല്‍ പരേശര്‍, ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വനിത വിഭാഗം മേധാവി സപ്ന റാണി, രജിസ്‌ട്രേഷന്‍ വിഭാഗം ഡയറക്ടര്‍ സങ്കല്‍പ്പ്, വെന്യൂ ഡയറക്ടര്‍ സി.കെ.പി ഷാനവാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ നിര്‍വാഹക സമിതിയംഗം ഋഷികേശ്, കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും താനൂര്‍ സ്വദേശിയുമായ ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
ഒന്‍പതര കിലോ തൂക്കമുള്ളതാണ് ട്രോഫി. രണ്ട് അടിയോളം ഉയരമുള്ള ട്രോഫി സന്തോഷ് ട്രോഫിയ്ക്ക് സമാനമായ ഉയരമുള്ളതാണ്. ഡിസംബര്‍ ഒന്‍പതിന് ഇ.എം.എസ് സ്മാരക കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശ പോരാട്ടത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിക്കും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സര വിഭാഗമാണ് ട്രോഫി രൂപ കല്‍പ്പന ചെയ്തത്. 26 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് റോളിങ് ട്രോഫി ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നതാണ് സവിശേഷത.