ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ മനുഷ്യത്വത്തില്‍ അധിഷ്ടിതമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകേന്ദ്രവും വിദ്യാഭ്യാസ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും  സംയുക്തമായി ഹൈസ്‌കൂള്‍ യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കളക്ടറേറ്റില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
മഹാത്മാ ഗാന്ധിയുടെ ജീവിതത്തില്‍ ഏറ്റവും അധികം തിളങ്ങി നിന്നത് മനുഷ്യരാശിയോടുള്ള സ്നേഹമാണ്. വിദ്യാര്‍ഥികള്‍ അറിവ് ആര്‍ജിക്കുന്നത് ആസ്വദിച്ച് ചെയ്യുമ്പോള്‍, പരീക്ഷകള്‍ ഉന്മേഷത്തോടെയും ധൈര്യത്തോടെയും നേരിടുന്നതിനുള്ള കഴിവ് സ്വായത്തമാക്കാന്‍ സാധിക്കും. വായന ആസ്വദിച്ച് ചെയ്യുമ്പോള്‍ അറിവ് ആര്‍ജിക്കല്‍ പ്രക്രിയ കൂടുതല്‍ ലളിതമാകും. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നമ്മള്‍ മുന്നൊരുക്കം നടത്താറുണ്ട്. ഇതിലേക്കായി ആത്മാര്‍ഥമായി ആസ്വദിച്ച് അറിവ് സമാഹരണ പ്രക്രിയ നടത്തുമ്പോള്‍ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊര്‍ജം ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തോട്ടക്കോണം ജി.എച്ച്.എസിലെ ദേവിക സുരേഷ് ഒന്നാം സ്ഥാനവും, ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ കൃപ മറിയം മത്തായി രണ്ടാം സ്ഥാനവും കിസുമം ജി.എച്ച്.എസ്.എസിലെ ഇവിന്‍ സിറിയക് ജോസ് മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗം ക്വിസ് മത്സരത്തില്‍ വള്ളംകുളം നാഷണല്‍ എച്ച്.എസിലെ എ.ഉണ്ണികൃഷ്ണന്‍ ഒന്നാം സ്ഥാനവും, കൂടല്‍ ജിവിഎച്ച്എസ്എസിലെ വി. ഭാഗ്യനാഥ് രണ്ടാം സ്ഥാനവും, മങ്ങാരം ജി.യു.പി സ്‌കൂളിലെ കെ.ഷിഹാദ് ഷിജു മൂന്നാം സ്ഥാനവും നേടി. വിദ്യാര്‍ഥികള്‍ക്ക് ഫലകവും, സര്‍ട്ടിഫിക്കറ്റും, പുസ്തകങ്ങളും സമ്മാനമായി വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.