വിലക്കയറ്റം നിയന്ത്രണ വിധേയമാക്കും: മന്ത്രി കെ രാജൻ

ജില്ലയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾക്ക് തുടക്കം

വിലക്കയറ്റം നിയന്ത്രിക്കാൻ
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളെ നിരത്തിലിറക്കി സംസ്ഥാന സർക്കാർ. പദ്ധതിയുടെ തൃശൂർ
ജില്ലാതല ഉദ്ഘാടനം വിലങ്ങന്നൂരില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍
ഫ്ളാഗ് ഓഫ് ചെയ്ത് റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.രാജ്യത്ത് പലചരക്ക്, പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ
സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകളെ തിരിച്ചെത്തിച്ച് താൽക്കാലികമായി പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൊബൈൽ മാവേലി സ്റ്റോറിന്റെ പ്രവർത്തനം എല്ലാ പ്രദേശങ്ങളിലേയ്ക്കും ലഭ്യമാക്കണമെന്ന ആശയത്തിലാണ് സർക്കാർ. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനുള്ള ചുമതല ഹോർട്ടികോർപ്പിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വില വർദ്ധനവും കരിഞ്ചന്തയും പരിഹരിക്കാൻ ഇടപെടുകയെന്ന പ്രധാന ചുമതലയാണ് സർക്കാർ വഹിക്കുന്നത്. പാലിന്റെ ഉൽപാദനത്തിൽ സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.പ്രകൃതിക്ഷോഭവും ഇന്ധനവില വര്‍ദ്ധനവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ദൗര്‍ലഭ്യത്തിനും ഇടയാക്കുന്നത് കണക്കിലെടുത്താണ് എല്ലാ താലൂക്കുകളിലും മൊബൈൽ സ്റ്റോർ നടപ്പിലാക്കുന്നത്.ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ താലൂക്ക് അടിസ്ഥാനത്തിലാണ് മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തി വില്‍പന നടത്തുക. സപ്ലൈകോയുടെ സബ്‌സിഡി സാധനങ്ങളോടൊപ്പം ശബരി ഉല്‍പന്നങ്ങളും മൊബൈല്‍ മാവേലി സ്റ്റോറില്‍ ലഭിക്കും. റേഷന്‍ കാര്‍ഡുമായി വന്ന് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാം.വാർഡ് മെമ്പർ ഷൈജു കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാണഞ്ചേരി വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ സപ്ലൈകോ അസിസ്റ്റന്റ് മാനേജർ ടി ജെ ആശാ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.