സായുധ സേനാ പതാക ദിനം ആചരിച്ചു

വീര മൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായി ജില്ലയില്‍ സ്മാരകം പണിയുന്നതിനാവശ്യമായ കാര്യങ്ങള്‍ വകുപ്പുമായി ബന്ധപ്പെട്ട് ആലോചിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സായുധ സേന പതാക ദിനാചരണം ജില്ലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സാഹചര്യങ്ങളേയും നേരിടാന്‍ സാധ്യമായ സൈനിക ശക്തിയാണ് രാജ്യത്തിനുള്ളത്. മറ്റേത് സേവനത്തേക്കാളും വിലപ്പെട്ടതാണ് രാഷ്ട്രസേവനം. രാഷ്ട്ര സേവനത്തിനിടെ ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും സാമൂഹ്യ ബാധ്യതയാണെന്ന് മന്ത്രി പറഞ്ഞു. പാതകദിന ഫണ്ട് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്‍.സി.സി.കേഡറ്റില്‍ നിന്നും സായുധ സേനാ പതാക സ്വീകരിച്ച് ജില്ലയിലെ സായുധ സേനാ പതാക വില്‍പ്പനയും മന്ത്രി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് മന്ത്രി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. തുടര്‍ന്ന് വിമുക്തഭട ബോധവല്‍ക്കരണ സെമിനാറും നടത്തി.

സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി സായുധ സേന പതാക ദിനം സന്ദേശം നല്‍കി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോഷി ജോസഫ്, വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ വിനോദന്‍ എം.പി, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.