കര്‍മരംഗത്ത് തുടരവെ ജീവന്‍ നഷ്ടമായ ജവാന്മാരുടെ സ്മരണയില്‍ കൊല്ലം ജില്ലയിൽ സായുധസേന പതാകദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ ഓര്‍മ്മകള്‍ എന്നും സ്മരിക്കപ്പെടേണ്ടതണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പതാകദിന സ്റ്റാമ്പ് പ്രകാശനവും നിര്‍വഹിച്ചു. ജവാന്‍മാരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതരുടെ പുനരധിവാസത്തിന് സൈനികക്ഷേമ വകുപ്പ് നല്‍കുന്ന തയ്യല്‍ മെഷീന്‍, അടിയന്തിര സാമ്പത്തിക സഹായ വിതരണം എന്നിവയും നടന്നു.

ടൗണ്‍ യു.പി. എസിലെ വിദ്യാര്‍ത്ഥികള്‍ പതാകദിന ബാഡ്ജ് ജില്ലാ കലക്ടറെ അണിയിച്ചു.
യുദ്ധത്തില്‍ മരിച്ചവരുടെ പുനരധിവാസം, വിവിധ സേനാംഗങ്ങളുടെയും കുടുംബങ്ങളുടെയും ക്ഷേമം, വിമുക്ത ഭടന്മാരുടെയും കുടുംബങ്ങളുടെയും പുനരധിവാസം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനുള്ള സായുധസേനാ പതാക നിധിയിലേക്കുള്ള ധനസഹായശേഖരണ സമാഹരണവും അനുബന്ധമായി നടത്തി.
റിട്ട. കേണല്‍ കൊച്ച് കോശി പണിക്കര്‍ അധ്യക്ഷനായി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഉഫൈസുദീന്‍, വിവിധ എക്‌സ് സര്‍വീസ് സംഘടനകളുടെ ഭാരവാഹികളായ പി. സതീഷ് ചന്ദ്രന്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, മധു വട്ടവിള, സാംകുട്ടി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.