സായുധസേന പതാക ദിനാചരണത്തിന്റെ ഭാഗമായി സായുധസേനാ പതാക വില്‍പനയുടെ ജില്ലാ തല ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വ്വഹിച്ചു. ജോലിയോടും രാജ്യത്തോടും ഒരേ പോലെയുള്ള സമര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സായുധ സേനാംഗങ്ങള്‍ എന്ന് എംഎല്‍എ പറഞ്ഞു. സിവില്‍ സര്‍വ്വീസ്‌കാര്‍ക്കും ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ആര്‍മി പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സൈനിക ബോര്‍ഡ് വൈസ്പ്രസിഡണ്ട് കേണല്‍ എന്‍ വി ജി നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ലഫ് ജനറല്‍ വിനോദ് നായര്‍, സുബേദാര്‍ പി വി മനേഷ് എ്ന്നിവര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, നാഷണല്‍ എക്‌സ് സര്‍വീസ് മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അസി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ തോമസ്, സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് ജില്ലാ പ്രസിഡണ്ട് പി കെ പത്മനാഭന്‍, എയര്‍ ഫോഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എം ജനാര്‍ദനന്‍, അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആര്‍ രാജന്‍, മുന്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ രാമചന്ദ്രന്‍ ബാവിലേരി, ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഹെഡ് ക്ലര്‍ക്ക് കെ കെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.