ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ സംരക്ഷണ ഓഫീസും ജില്ലാ ലേബര്‍ ഓഫീസും സംയുക്തമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും വിവിധ സംഘടനാ പ്രതിനിധികള്‍ക്കുമായി ‘സ്ത്രീ സുരക്ഷാ നിയമങ്ങള്‍’ എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എ.എ.ഷറഫുദീന്‍ അധ്യക്ഷനായി.

ജില്ലാ ലേബര്‍ ഓഫീസര്‍ വി.സബിഷ മുഖ്യാതിഥിയായി. അഡ്വ. ജയധന്യ വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വനിതാ സംരക്ഷണ ഓഫീസര്‍ പ്രമീള, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ റൂബി, ഫാമിലി കൗണ്‍സലര്‍ കെ.സുമ, ട്രേഡ് യൂണിയന്‍ പ്രതിനിധി രാംദാസ്, ഫാമിലി കൗണ്‍സിലര്‍ ശ്രുതി എന്നിവര്‍ സംസാരിച്ചു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെയാണ് ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.