സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക്  അപേക്ഷിക്കാം. അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ എഴ് ശതമാനം പലിശനിരക്കിലും വായ്പ അനുവദിക്കും.  തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബി.ആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ, എല്‍.എല്‍.ബി, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മുതലായവ) പൂര്‍ത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ് കവിയരുത്.
പദ്ധതിപ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്ക്, വെറ്റിനറി ക്ലിനിക്ക്, സിവില്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നെസ് സെന്റര്‍, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂ കള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും.  പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.
വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രം തിരിച്ചടച്ചാല്‍ മതി. അപേക്ഷാ ഫോറം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളില്‍ ലഭിക്കും. വെബ്‌സൈറ്റ്: www.ksbcdc.com