കൊല്ലം ജില്ലയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സാധ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ചേംബറില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിവാര അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.

സര്‍ക്കാര്‍ ഓഫീസുകളിലുളളവര്‍ കൃത്യമായി മാസ്‌ക് ധരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വകുപ്പിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വാക്‌സിനേഷന്‍ വിവരശേഖരണം നടത്തും. മറ്റുള്ളയിടത്തും സമാന പ്രവര്‍ത്തനം നടത്തും.
വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ കൃത്യമായി ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയോ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയോ ചെയ്യുന്നവെന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.

കൂടുതല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ച് പരമാവധി പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനും തീരുമാനിച്ചു. ജില്ലാ-വിക്ടോറിയ ആശുപത്രികളിലേക്ക് കടക്കുന്ന റോഡുകള്‍ക്ക് ഇരുവശങ്ങളിലായുള്ള അനധികൃത പാര്‍ക്കിംഗ്, വഴിയോര കച്ചവടം, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഒഴിപ്പിക്കുന്നതിന് പോലീസിനും നഗരസഭയ്ക്കും നിര്‍ദ്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, എ.ഡി.എം. എന്‍. സാജിത ബീഗം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ആര്‍.സന്ധ്യ, ആര്‍. സി. എച്ച്. ഓഫിസര്‍ ഡോ. എം. എസ്. അനു, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജി. ഡി. വിജയകുമാര്‍, ദുരന്തനിവാരണ അതോറിറ്റി സൂപ്രണ്ട് എ. സന്തോഷ് കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വസന്ത ദാസ്, വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു