ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടിയായ അജയ്യത്തിന് 70 പേര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും ഹോപ്‌സ് പി.എസ്.സി പരിശീലന കേന്ദ്രത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ ഓറിയന്റേഷന്‍ ഇന്നലെ നടന്നു. ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു ഉദ്ഘാടനം ചെയ്തു.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍ സംസ്ഥാന അവാര്‍ഡ് നേടിയ പി.എസ്. സാജുവിനെ അനുമോദിച്ചു.ഹോപ്‌സിന്റെ വിവിധ സ്ഥാപനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. നേരിട്ട് പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷികാര്‍ക്കു മാത്രമായി പി.എസ്.സി മത്സര പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.യോഗത്തില്‍ ഹോപ്‌സ് ഡയറക്ടര്‍ മഹേഷ്, സാമൂഹ്യനീതി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എം.എന്‍. ദീപു, പി.എല്‍. മേരി എന്നിവര്‍ സംസാരിച്ചു.