ഇരുപത്തിയാറാമതു ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മണിപ്പൂരിന് കിരീടം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ റെയില്‍വേസിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മണിപ്പൂര്‍ വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. ഷൂട്ടൗട്ടില്‍ 2-1 എന്ന സ്‌കോറിനാണ് മണിപ്പൂര്‍ വിജയിച്ചത്. മണിപ്പൂരിനായി ബേബി സന ദേവി, കിരണ്‍ ബാല ചാനു ഗോള്‍ നേടി. നവോബി ചാനുവാണ് റെയില്‍വേയ്ക്കായി വലകുലുക്കിയത്.നിശ്ചിത സമയവും എക്‌സ്ട്രാ ടൈമിലും കളി ഗോള്‍ രഹിതമായി തുടര്‍ന്നതിനാലാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് എത്തിയത്. കഴിഞ്ഞ തവണയും റെയില്‍വേസിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് മണിപ്പൂര്‍ കപ്പുയര്‍ത്തിയത്. വിജയത്തോടെ മണിപ്പൂര്‍ ചാമ്പ്യന്‍ഷിപ്പില്‍ 21ാം തവണയും തങ്ങളുടെ വിജയമാഘോഷിച്ചു.

ഇതിന് മുമ്പ് 25 തവണ ചാമ്പ്യന്‍ഷിപ്പ് നടന്നതില്‍ 20 തവണയും ജേതാക്കളായത് മണിപ്പൂരാണ്.
മണിപ്പൂരിന്റെ ഒ.റോഷ്‌നി ദേവി മികച്ച ഗോള്‍കീപ്പറും തമിഴ്‌നാടിന്റെ സന്ധ്യ രംഗനാഥന്‍ ടോപ്പ് ഗോള്‍ സ്‌കോററുമായി. മണിപ്പൂരിന്റെ പരമേശ്വരി ദേവിയാണ് കളിയിലെ മൂല്യമേറിയ താരം.

ചൊവ്വാഴ്ച നടന്ന സെമിഫൈനലുകളില്‍ റെയില്‍വേസ് മിസോറമിനെയും മണിപ്പൂര്‍ ഒഡീഷയെയുമാണ് പരാജയപ്പെടുത്തിയത്. ഇരുമത്സരങ്ങളിലും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.കണ്ണൂര്‍, കോഴിക്കോട് മലപ്പുറം ജില്ലകളിലെ നാല് സ്റ്റേഡിയങ്ങളിലായി നവംബര്‍ 28ന് ആയിരുന്നു കളികള്‍ ആരംഭിച്ചത്. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മത്സരത്തിന്റെ സംഘാടനം സംസ്ഥാന കായിക വകുപ്പ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുകള്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായാണ് നടത്തിയത്.

സമാപന സമ്മേളനത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് വിജയികള്‍ക്ക് കിരീടം സമ്മാനിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.രഘുനാഥ്, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ്, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവ്, മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.