വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പുതിയ തലമുറയ്ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. കൊല്ലം ജില്ലാപഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ടെക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഐ. ടി. ഐ, പോളിടെക്‌നിക്, എന്‍ജിനീയറിങ് പാസായ 300 ഓളം പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലുള്ള തസ്തികകള്‍ ഉപയോഗപ്പെടുത്തി തൊഴില്‍ നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ടെക് പദ്ധതി മാതൃകാപരമാണ്. ഉത്പാദന രംഗമായ കാര്‍ഷിക മേഖലയെ നൂതന ആശയങ്ങളിലൂടെ സുശക്തമാക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി ചെറിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
എം. മുകേഷ് എം. എല്‍.എ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറി. തൊഴില്‍ അവസരങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന നിലവിലെ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് വലിയൊരു മുന്നേറ്റമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയിലൂടെ ഐ. ടി. ഐ, പോളിടെക്‌നിക്, എന്‍ജിനീയറിങ് പാസായ 269 ഉദ്യോഗാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷത്തെ നിയമനം നല്‍കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഡോ. പി.കെ ഗോപന്‍, അനില്‍ എസ്. കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്ത രമേശ്, സെക്രട്ടറി കെ. പ്രസാദ്, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.