കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ദേശീയ-അന്തർദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന 46 മത് സംസ്ഥാന സിനിയർ വനിതാ – പുരുഷ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പോർട്സിന്റെ പേരിൽ സർക്കാറിന്റെ ഗ്രാന്റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വരണം. സ്പോർട്സുമായി ബന്ധപെട്ട പരിപാടികൾക്കും അതുമായി ബന്ധമുള്ള ചടങ്ങുകൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. അല്ലാതെ ആളാവാൻ വേണ്ടി സംഘാടക വേഷമണിയുന്ന ചിലരുടെ നടപടികളോട് യോജിക്കാനാവില്ല. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള മുഴുവൻ കായിക അസോസിയേഷനുകൾക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ ഹർഷാരവത്തോടെയാണ് കായിക താരങ്ങളും ഒഫിഷ്യൽസും സ്വീകരിച്ചത്.

തുടർന്ന് ഒക്ടോബറിൽ സ്വീഡനിൽ നടന്ന ലോക പവർ ലിഫ്റ്റ് ചാമ്പ്യൻഷിപ്പിലെ താരങ്ങളായ സി.വി അബ്ദു സലിം, കെ. കൊച്ചുമോൾ, സി.വി ആയിശാ ബീഗം, പ്രഗതി പി നായർ എന്നിവരെ മന്ത്രി ആദരിച്ചു.

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി പുരുഷ-വനിത വിഭാഗത്തിൽ 300 നടുത്ത് കായിക താരങ്ങൾ രണ്ട് ദിവസത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
മലപ്പുറം ജില്ലാ പവർ ലിഫ്റ്റിങ് അസോസിയേഷനാണ് ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ തിരൂർ നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ അധ്യക്ഷയായി. തിരൂർ ആർ.ഡി.ഒ പി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. എസ്. ഗീരിഷ്, കെ.കെ.അബ്ദുസലാം, ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് യു. തിലകൻ, സെക്രട്ടറി ഋഷികേഷ് കുമാർ, സംസ്ഥാന പവർ ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. ബാബു, സെക്രട്ടറി വേണു ജി നായർ, ജില്ലാ പ്രസിഡന്റ് രമ ശശിധരൻ, തിരൂർ ചേമ്പർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി പി.പി.അബ്ദുറഹിമാൻ പ്രോഗ്രാം കോ-ഡിനേറ്റർ മുജീബ് താനാളൂർ എന്നിവർ സംസാരിച്ചു.