ഇടപ്പള്ളി റെയിൽവേ അടിപ്പാത ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് പൂവണിയുന്നതെന്ന് എം. പി പറഞ്ഞു. നിരവധി പ്രതിസന്ധികൾക്കൊടുവിൽ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമെന്നും എം. പി പറഞ്ഞു. അടിപ്പാതയിലെ ഗതാഗത ഗുരുക്ക് ഒഴിവാക്കുന്നതിനുള്ള സിഗ്നൽ ലൈറ്റുകൾ ഉടൻ സ്ഥാപിക്കുമെന്നും എം. പി പറഞ്ഞു.
2012 ൽ ഇടപ്പള്ളി പാലം യാഥാർഥ്യമായതോടെ പ്രദേശത്തെ റെയിൽവേ ഗേറ്റ് നിർത്തലാക്കി. അതോടെ അത്രയും നാൾ ഒരുമിച്ച് കിടന്ന ഒരു പ്രദേശം ഭൂമിശാസ്‌ത്രപരമായി രണ്ടാകുന്നത്. ആരാധനാലയങ്ങളും അവശ്യ സർവ്വീസുകളുമെല്ലാം രണ്ടിടങ്ങളിലായി ചിതറി കിടക്കുന്ന അവസ്ഥ. ഒരാൾ മരണപ്പെട്ടാൽ അയാളുടെ മൃത ശരീരം സാംസ്‌ക്കരിക്കുന്നതിന് കിലോമീറ്ററുകൾ ചുറ്റി പോകേണ്ട അവസ്ഥയും പ്രദേശവാസികൾക്കുണ്ടായി. അമൃത ഹോസ്പിറ്റലിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു മാർഗമായിരുന്നു ഇത്.
തുടർന്ന് 2017-18 സാമ്പത്തീക വർഷത്തിൽ അന്ന് എം.എൽ.എ ആയിരുന്ന ഹൈബി ഈഡൻ എം.പിയും, തൃക്കാക്കര എം.എൽ. ആയിരുന്ന പി.ടി തോമസും തങ്ങളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും യഥക്രമം 1.18 കോടിയും 1.25 കോടിയും അനുവദിച്ചു. അന്ന് എം.പിയായിരുന്ന പ്രൊഫ.കെ.വി തോമസ് എം.പി ഫണ്ടിൽ നിന്നും 1 കോടിയും അനുവദിച്ചു.
4 മീറ്റർ വീതിയിലും 2.5 മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമ്മാണം പൂർത്തീകരിച്ചത്. പ്രതികൂല കാലവസ്ഥയും കോവിഡ് മഹാമാരിയുമെല്ലാം പദ്ധതി വൈകുന്നതിന് കാരണമായി. ഹൈബി ഈഡൻ എം. പിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ഇടപെടൽ പദ്ധതി പൂർത്തീകരണത്തിന് കാരണമായി. ഹൈബി ഈഡൻ എം. പി വിഷയം പാർലമെന്റിൽ ഉന്നയിച്ചു. കേന്ദ്ര മന്ത്രിയുമായും റെയിൽവേ അധികൃതരുമായും നിരവധി കൂടിക്കാഴ്ച്ചകൾ നടത്തി. അതിന് ശേഷമാണ് പദ്ധതി യഥാർഥ്യമാകുന്നത്.
ടി. ജെ വിനോദ് എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ചികിത്സയിലിരിക്കുന്ന പി ടി തോമസ് എം. എൽ. എ ഓഡിയോ സന്ദേശം ചടങ്ങിൽ കേൾപ്പിച്ചു. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ,മുൻ എം. പി പ്രൊഫ. കെ. വി തോമസ്, കൗൺസിലർമാരായ ദീപ വർമ്മ, അംബിക സുദർശൻ, പയസ് ജോസഫ്, റെയിൽവേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സുധാകർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു സക്കറിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.