പരമ്പരാഗത കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് 900 കാര്‍ഷിക ക്ലസ്റ്ററുകള്‍ രൂപീകരിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൃഷിവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ കര്‍ഷകസഭകളുടെ ജില്ലാതല ക്രോഡീകരണവും ഞാറ്റുവേല ചന്തകളുടെ സമാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത കര്‍ഷകരിലൂടെ ശാസ്ത്രീയമായി ജൈവകൃഷിയെ വ്യാപിപ്പിക്കും. ഉല്പാദന ചെലവു കുറയ്ക്കാനും അതിലൂടെ മികച്ച വ്യാപാര സംവിധാനങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കാനും ഇതിലൂടെ സാധിക്കും. തരിശ് രഹിത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കര്‍ഷകരില്‍ ബോധവത്ക്കരണം നടത്തും. കാര്‍ഷികസഭകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ നെല്ലിന് കൂടുതല്‍ താങ്ങുവില ലഭിക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ നെല്ലിന്‍റെ താങ്ങുവില 25.30 രൂപയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഇത് 17.20 രൂപ മാത്രമാണ്.

സംസ്ഥാനത്ത് തരിശ് ഭൂമി ഇല്ലാതാക്കി നെല്‍കൃഷിയിടങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ അതത് കൃഷിഭവനുകള്‍ വഴി മെച്ചപ്പെടുത്താന്‍ ശ്രമിച്ചു വരികയാണ്. തൃശൂരില്‍ ആരംഭിച്ച കര്‍ഷകമിത്രയുടെ പ്രവര്‍ത്തനങ്ങള്‍ പുത്തന്‍ കാര്‍ഷികരീതിയ്ക്ക് വലിയ സംഭാവനകളാണ് നല്‍കിയത്. ഇതിലൂടെ കര്‍ഷകന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധിച്ചു. തൃശൂരില്‍ നേന്ത്ര വാഴകൃഷിയുടെ വ്യാപനം 500 ഏക്കറില്‍ വ്യാപിപ്പിക്കും. മന്ത്രി വ്യക്തമാക്കി. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാതല ക്രോഡീകരണ റിപ്പോര്‍ട്ടിന്‍റെ പ്രകാശനം ബി.ഡി. ദേവസ്സി എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസിനു നല്‍കി നിര്‍വ്വഹിച്ചു. ഇ.ടി. ടൈസണ്‍മാസ്റ്റര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, ജില്ലാപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ്, തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍. ജയശ്രീ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സിബി ജോസഫ് പേരയില്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഞാറ്റുവേലയിലെ കൃഷി പരിപാലന മുറകള്‍, വിള ആരോഗ്യ പരിപാലനം എന്നീ വിഷയത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫ. ഡോ. സി. നാരായണന്‍ കുട്ടി, റിട്ട. പ്രൊഫ. ഡോ. ജിം തോമസ് എന്നിവര്‍ ക്ലാസെടുത്തു. കേരള വനഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ് മോഡറേറ്ററായിരുന്നു.