സര്‍ക്കാര്‍ വിഭാവനം ചെയ്ത സേഫ് കേരള പദ്ധതിയുടെ ഭാഗമായി 2020 ഓടെ സംസ്ഥാനത്ത് 50 ശതമാനം റോഡപകടങ്ങള്‍ കുറയ്ക്കാനാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ മോട്ടോര്‍ വാഹനവകുപ്പ് എട്ടാം ബാച്ച് 27 അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇന്നു നിലനില്‍ക്കുന്ന വര്‍ധിച്ച വാഹനപ്പെരുപ്പവും അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച മാതൃകാ പദ്ധതിയാണ് സേഫ് കേരള. 85 കേന്ദ്രങ്ങളില്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ആ പ്രദേശങ്ങളില്‍ അപകട നിരക്കുകള്‍ കുറയ്ക്കുവാനും സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും യാത്രക്കാരെയും പൗരസമൂഹത്തെയും ജനാധിപത്യ സംരക്ഷണത്തിന്‍റെ വരുതിയിലേക്ക് കൊണ്ടുവരുവാനും വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. വാഹനാപകടങ്ങള്‍ ലഘൂകരിച്ച് ആളുകളുടെ ജീവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്തവും കര്‍ത്തവ്യവുമുണ്ടാവണം. നിര്‍ഭയവും നീതിപൂര്‍വ്വവുമായ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നടത്തേണ്ടത്. പഠിച്ചിറങ്ങുന്ന പാഠങ്ങള്‍ തൊഴിലിലും പാലിക്കാനായാലേ വകുപ്പിനെ ശുദ്ധീകരിക്കാനാവുകയുള്ളൂ. പഠിക്കുന്നതൊന്ന് പ്രവര്‍ത്തിക്കുന്നതൊന്ന് എന്ന രീതി മാറ്റിയെടുക്കണമെന്നും നിയമലംഘനങ്ങള്‍ നടത്താതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ എഡിജിപി ബി.സന്ധ്യ അഭിവാദ്യം സ്വീകരിച്ചു. വടക്കാഞ്ചേരി ജോയിന്‍റ് ആര്‍ടിഒ ടി.ജെ. ഗോകുല്‍ സത്യപ്രതിജ്ഞ ചൊല്ലി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി കെ.പദ്മകുമാര്‍, പോലീസ് അക്കാദമി ഡിഐജി (ട്രെയിനിംഗ്) അനില്‍ കുരുവിള ജോണ്‍, അസി.ഡയറക്ടര്‍മാരായ പി.എസ്. ഗോപി, റെജി ജേക്കബ് , കെ.കെ.അജി, മനോജ്കുമാര്‍, ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വി. സുരേഷ്കുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാരായ എം.പി. അജിത്കുമാര്‍, ഷാജി ജോസഫ്, സി.കെ. അശോകന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളില്‍ വിജയികളായ അസി.മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി സമ്മാനദാനം നിര്‍വ്വഹിച്ചു.
