അങ്കമാലി വില്ലേജ് പരിധിയിൽ ഭൂമിയുടെ ന്യായവില നിർണയവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ന്യായവില അദാലത്തില്‍ പരിഹാരം. 2019 മുതല്‍ സമര്‍പ്പിക്കപ്പെട്ട ന്യായവില അപ്പീലുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അദാലത്തില്‍ തീർപ്പാക്കിയത്. 55 പരാതികള്‍ തീര്‍പ്പാക്കിയതായി അദാലത്തിന് നേതൃത്വം നല്‍കിയ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. റോജി.എം. ജോണ്‍ എം.എല്‍.എ, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ പി. വിഷ്ണുരാജ്, ഡപ്യൂട്ടി കളക്ടര്‍ പി.ബി. സുനില്‍ ലാല്‍ എന്നിവരും അദാലത്തില്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

രാവിലെ 9.30 നു തുടങ്ങിയ അദാലത്ത് ഉച്ചയ്ക്ക് 1.30നാണ് പൂര്‍ത്തിയായത്. ഫോർട്ട് കൊച്ചി സബ് കളക്ടർ ഓഫീസ്, കളക്ടറേറ്റ്, അങ്കമാലി വില്ലേജ് ഓഫീസ് എന്നീ ഓഫീസുകളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടറുകൾ അദാലത്തിൽ പ്രവർത്തിച്ചു. 2019 വരെ അപേക്ഷ സമർപ്പിച്ചതും എന്നാൽ ഉത്തരവ് ലഭിക്കാത്തതുമായ പരാതികള്‍ക്കായി മറ്റൊരു പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിരുന്നു. ഈ അപേക്ഷകളില്‍ തുടർ നടപടികൾ സ്വീകരിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. 2022 ഫെബ്രുവരി 15 ന് ഈ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കും.

മുഴുവൻ പരാതികളും തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കളക്ടർ ജാഫർ മാലിക് അറിയിച്ചു. ജീവനക്കാരെ പ്രത്യേകമായി ഇതിനു വേണ്ടി നിയമിക്കുമെന്നും കളക്ടർ വ്യക്തമാക്കി. പുതിയ അപേക്ഷകളിൽ പരിഹാരം കാണുന്നതിന് ഉടൻ മറ്റൊരു അദാലത്തു കൂടി സംഘടിപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.