എറണാകുളം ജില്ലയുടെ ചികിത്സാ മേഖലയിൽ സുപ്രധാന മുന്നേറ്റങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജ് സഹകരണമേഖലയില്‍ നിന്നും സംസ്ഥാന സർക്കാര്‍ ഏറ്റെടുത്തിട്ട് എട്ടു വര്‍ഷം. നേരത്തെ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് എന്നറിയപ്പെട്ടിരുന്ന സമുച്ചയമാണ് ഇപ്പോള്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളേജായി അറിയപ്പെടുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ചികിത്സാരംഗത്തും അക്കാദമിക മികവിലും സംസ്ഥാനത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായി മാറാന്‍ ഈ മെഡിക്കല്‍ കോളേജിന് കഴിഞ്ഞു. ഇപ്പോള്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയായാൽ രാജ്യത്ത് തന്നെ മികവിന്‍റെ കേന്ദ്രങ്ങളിലൊന്നായി എറണാകുളം മെഡിക്കല്‍ കോളേജ് മാറുമെന്ന് പ്രിന്‍സിപ്പലിന്‍റെ ചുമതല വഹിക്കുന്ന വൈസ് പ്രിന്‍സിപ്പല്‍ ഡോ. എ. ഫത്തഹുദ്ദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍ എന്നിവര്‍ പറഞ്ഞു.
നിപയുടെ രണ്ടാം വരവിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മെഡിക്കല്‍ കോളേജിന്‍റെ മികവ് രാജ്യാന്തര ശ്രദ്ധയ്ക്ക് അര്‍ഹമായിരുന്നു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള കോളേജിന്‍റെ കഴിവിനെ സർക്കാരും കലവറയില്ലാതെ പിന്തുണച്ചതിന് തെളിവാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ആശുപത്രിക്ക് സ്വായത്തമായ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ഓര്‍ത്തോപീഡിക്‌സ്, നിയോനെറ്റോളജി, ജനറല്‍മെഡിസിന്‍, ജനറല്‍സര്‍ജറി, ഗൈനക്കോളജി, ഓഫ്താല്‍മോളജി, പള്‍മണറി മെഡിസിന്‍,പീഡിയാട്രിക്‌സ്, ഇ.എന്‍.ടി, ഒ.എം.എഫ്.എസ്, ഡെര്‍മറ്റോളജി, സൈക്യാട്രി, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങള്‍ മെഡിക്കല്‍ കോളേജില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പോസ്റ്റ്മോർട്ടം സൗകര്യവും നിലവിലുണ്ട്. ദിവസം ശരാശരി 1030 രോഗികളാണ് ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലെത്തുന്നത്. 500 പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയിലെ പ്രതിദിന അഡ്മിഷന്‍ – 53. മാസം 150ലേറെ പ്രസവങ്ങളും നടക്കുന്നു.
രോഗീ സൗഹൃദ ആരോഗ്യ പരിചരണം ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആര്‍ദ്രം പദ്ധതി മുഖേന 4.8 കോടി രൂപ വിനിയോഗിച്ചാണ് ഒ.പി വിഭാഗത്തിന്റേയും ഫാര്‍മസിയുടേയും സൗകര്യങ്ങള്‍ വിപുലീകരിച്ചത്. റിസപ്ഷന്‍ ഏരിയ വിശാലമാക്കി, രജിസ്‌ട്രേഷന്‍, ബില്ലിംഗ് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ഫാര്‍മസിയില്‍ 12 കൗണ്ടറുകളൊരുക്കി. ഒ.പി ബ്ളോക്കുകളെ ബന്ധിപ്പിക്കാന്‍ ആകാശപാത, ശുചിമുറികളുടെ നവീകരണം എന്നിവയും നടപ്പാക്കി. കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി, എച്ച്.എല്‍.എല്‍ ഫാര്‍മസി എന്നിവയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.
കാര്‍ഡിയോളജി വിഭാഗത്തിന് മാത്രമായി സജ്ജമാക്കിയ നാലു നിലകളുള്ള കാര്‍ഡിയോളജി ബ്ലോക്കില്‍ 13 കോടി രൂപ വിനിയോഗിച്ച് കാത്ത് ലാബ്, മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 5.36 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക സി.ടി സ്‌കാന്‍, 25 കോടി രൂപ ചെലവില്‍ റേഡിയോളജി വിഭാഗത്തില്‍ ആരംഭിച്ച ഇമേജിംഗ് സെന്ററില്‍ എം.ആര്‍.ഐ സ്‌കാന്‍, ഫ്‌ളൂറോ സ്‌കോപ്പി, മാമോഗ്രാം, ഡിജിറ്റല്‍ എക്‌സറേ എന്നിവ ഇക്കാലയളവിലെ പ്രധാന നേട്ടങ്ങളില്‍ ചിലതാണ്.
തീവ്രപരിചരണ വിഭാഗം 1.5 കോടി രൂപ വിനിയോഗിച്ച് നവീകരിച്ചു. 70 കിടക്കകള്‍, 16 വെന്റിലേറ്ററുകള്‍, എ.ബി.ജി മെഷീന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍, സി പാപ് എക്കോ മെഷീന്‍ എന്നിവയാണ് നവീകരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചത്. വെന്‍റിലേറ്ററുകളുടെ എണ്ണം രണ്ടില്‍ നിന്നും എഴുപതിലെത്തി. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 1.19 കോടി രൂപ ചെലവില്‍ ഡയാലിസിസ് യൂണിറ്റ് നവീകരിച്ചത് നിരവധി രോഗികള്‍ക്ക് കൈത്താങ്ങായി. മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40.31 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളായ വെന്റിലേറ്റര്‍, മള്‍ട്ടി പാരാമോണിറ്റര്‍ വിത്ത് കാപനോഗ്രാം &ഐ.പി.എം, ഡിഫ്രിബിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ള ആംബുലന്‍സ് ലഭ്യമാക്കി. കൂടാതെ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡും ആംബുലന്‍സ് സംഭാവന ചെയ്തു.
ആശുപത്രി നവീകരിണത്തിനായി അനുവദിച്ച 4.8 കോടി രൂപ വിനിയോഗിച്ച് ഓപ്പറേഷന്‍ തീയറ്റര്‍, ലേബര്‍ റൂം, നവജാതശിശു പരിചരണ വിഭാഗം, പേ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ഡുകള്‍ എന്നിവയുടെ നവീകരണം നടപ്പിലാക്കി. 20 പേ വാര്‍ഡുകളുടെ നവീകരണത്തിന് 50 ലക്ഷം രൂപയാണ് ചെലവിട്ടത്. മുന്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും വിനിയോഗിച്ച് മോര്‍ച്ചറി നവീകരിച്ചു. 5 കോടി രൂപ ചെലവില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെ 4 നിലകളിലായി 14,639 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പണികഴിപ്പിച്ച എട്ട് ഡോക്ടേഴ്‌സ് ഫാമിലി ക്വാര്‍ട്ടേഴ്‌സുകളും ഇപ്പോള്‍ മെഡിക്കല്‍ കോളേജിനുണ്ട്.
30 കിലോഗ്രാം ശേഷിയുള്ള ഒരു വാഷിംഗ് മെഷീനും, 60 കിലോഗ്രാം വീതം ശേഷിയുള്ള രണ്ടു വാഷിംഗ് മെഷീനുകളും, 50 കിലോഗ്രാം ശേഷിയുള്ള ടംബിള്‍ ഡ്രൈയറും ഒരു ഫ്‌ളാറ്റ് വര്‍ക്ക് അയണറും സ്ഥാപിച്ച് ലോണ്‍ട്രി വിഭാഗം നവീകരിച്ചു. ക്യാമ്പസ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 24.80 ലക്ഷം രൂപ ചെലവില്‍ ക്യാമ്പസില്‍ ഹൈ മാസ്റ്റ് വിളക്കുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സ്ട്രീറ്റ് ലൈറ്റ് സംവിധാനം നടപ്പാക്കി. നിപ്പയും കോവിഡും ഉയർത്തിയ വെല്ലുവിളികളെ മൈക്രോ ബയോളജി വിഭാഗത്തിന്‍റെ ശാക്തീകരണത്തിലൂടെയാണ് കോളേജ് നേരിട്ടത്. ബാക്ടെക് മെഷീന്‍, സി.ബി.നാറ്റ് മെഷീന്‍ എന്നിവ സ്ഥാപിച്ചു. നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോയിന്റ് ഓഫ് കെയര്‍ സ്ഥാപിച്ചു. കോവിഡ് കാലത്ത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ ആര്‍.ടി.പി.സി.ആര്‍ ലാബുകളിലൊന്നും എറണാകുളം മെഡിക്കല്‍ കോളേജിലേതാണ്. കെ.ജെ മാക്‌സി എം.എല്‍.എയുടെ 2020-2021 ലെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍ കൊറോണ രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കാന്‍ ഉതകുന്ന അഫേറിസിസ് മെഷീന്‍, കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 92 ലക്ഷം രൂപ ചെലവില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് എന്നിവയും സമീപകാലത്ത് സ്ഥാപിക്കപ്പെട്ടു.
ആശുപത്രിയുടെയും കോളേജിന്‍റെയും സുരക്ഷയ്ക്കായി സുശക്തമായ സെക്യൂരിറ്റി സംവിധാനത്തിനും രൂപം നല്‍കി. കോളേജ് വളപ്പിന്‍റെ മുക്കും മൂലയും വരെ നിരീക്ഷണത്തിന് വിധേയമാക്കുന്ന സി.സി.ടി.വി ക്യാമറ സംവിധാനത്തിനായി ചെലവിട്ടത് 98.8 ലക്ഷം രൂപ. എ.സി കഫറ്റീരിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. കോളേജിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന് പുതിയ ബസ് റൂട്ടുകളും സര്‍ക്കാര്‍ അനുവദിച്ചു. രോഗികളെ സംബന്ധിച്ച രേഖകള്‍ ഡിജിറ്റലാക്കുന്നതിനുള്ള ഇ – ഹെല്‍ത്ത് പ്രവര്‍ത്തനങ്ങളും ആശുപത്രിയില്‍ പുരോഗമിക്കുന്നു.
ഇതിനു പുറമേ കിഫ്ബി ധനസഹായത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ കോളേജിള്‍ നടന്നു വരുന്നു. 13 കിലോ ലിറ്ററിന്റെ ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. എസ്.ടി.പി പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെ 117 തസ്തികകള്‍ സൃഷ്ടിച്ചു. കേപ്പിന്റെ കീഴില്‍ ഉണ്ടായിരുന്ന സ്ഥിരം ജീവനക്കാരുടെ സര്‍ക്കാരിലേക്കുള്ള ലയന പ്രക്രിയ പൂര്‍ത്തിയായി. കരാര്‍, ദിവസ വേതന ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഈ ജീവനക്കാരുടെ ലയന പ്രക്രിയ സര്‍ക്കാരിന്റെ പരിഗണനയിലാണ്.