എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബൈപ്പാസ് ശസ്ത്രക്രിയ ആരംഭിച്ച ജനറൽ ആശുപത്രിയിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. ആശുപത്രി വികസനവുമായും തുടർ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി മന്ത്രി ചർച്ച നടത്തി.

ഇത് തുടക്കം മാത്രമാണ്. മികച്ച സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കാര്‍ഡിയോളജി ഓപ്പറേഷന്‍ തീയറ്റര്‍ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുമായി ആലോചിച്ചു. ജനറല്‍ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങളും സ്‌പെഷ്യലിറ്റി സംവിധാനങ്ങളും മന്ത്രി ചര്‍ച്ച ചെയ്തു. ഹൃദയ ശസ്ത്രക്രിയ നടത്തിയ ടീം അംഗങ്ങളെ മന്ത്രി നേരില്‍ കണ്ട് അഭിനന്ദിച്ചു.

വലിയൊരു ചുവടുവയ്പ്പാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ എല്ലാ ജില്ലകളിലും എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കിഫ്ബിയിലൂടെ നിര്‍മ്മിക്കപ്പെട്ട ഈ ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അതിനോടനുബന്ധിച്ച് ഓപ്പറേഷന്‍ തീയറ്ററും ആവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടയുള്ളവ സജ്ജമാക്കിയാണ് ഇത് സാധ്യമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്റെയും ജനറലാശുപത്രിയിലെ മറ്റ് ടീമിന്റേയും കഠിനാധ്വാനത്തിലൂടെയാണ് ഇത് സാധ്യമായത്. കേരളത്തിന്റേയും രാജ്യത്തിന്റേയും ആരോഗ്യ മേഖലയില്‍ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ഹൃദയ ശസ്ത്രക്രിയ നടന്നത്. ഇതില്‍ അഭിമാനവും സന്തോഷവുമുണ്ട്. പ്രത്യേകമായി ഈ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കൊച്ചി മേയർ എം.അനിൽ കുമാർ, ടി.ജെ. വിനോദ് എം.എൽ.എ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ, ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ കെ. ജോൺ, ആശുപത്രി വികസന സമിതി ചെയർമാൻ ഡോ. ജുനൈദ് റഹ്മാൻ ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജയകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.