ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്ന ഹൃദയ ശസ്ത്രക്രിയ
എറണാകുളം ജനറല്‍ ആശുപത്രിയിൽ വിജയകരമായി പൂർത്തിയായപ്പോൾ ഏഴിക്കര സ്വദേശി 54 കാരനായ പ്രസാദ് തിരികെ സാധാരണ ജീവിതത്തിലേക്ക്. ഏഴിക്കര കടക്കര കറുത്താംപറമ്പിൽ പ്രസാദിന് ഒരു മാസം മുൻപാണ് ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയത്. നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം കിതപ്പ് അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഹൃദയ ശസ്ത്രക്രിയ നടത്താൻ മൂന്ന് ലക്ഷം രൂപ ചെലവ് വരുമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. പള്ളിയാക്കൽ സഹകരണ ബാങ്കിൽ താത്ക്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന പ്രസാദിന് ഇതു താങ്ങാൻ കഴിയുമായിരുന്നില്ല. തുടർന്നാണ് ജനറൽ ആശുപത്രിയിലെത്തിയത്. ജനറൽ ആശുപത്രിയിൽ സൗജന്യമായാണ് പ്രസാദിന് ഹൃദയ ശസ്ത്രക്രിയ സാധ്യമായത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രോഗി സുഖം പ്രാപിച്ചു വരുന്നതായും ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നു നാലു ദിവസത്തിനു ശേഷമേ മുറിയിലേക്ക് മാറ്റുകയുള്ളൂ.
ജനറൽ ആശുപത്രിയിൽ സന്ദർശനം നടത്തിയ മന്ത്രി വീണ ജോർജ് പ്രസാദിൻ്റെ ഭാര്യാ സഹോദരൻ ദേവദാസിനെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. എല്ലാ സൗകര്യങ്ങളും ചെയ്തു തരാമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ഉറപ്പുനൽകി. പ്രസാദിൻ്റെ സഹോദരൻ പ്രദീപ്, ബന്ധുവായ സുനി, മറ്റു ബന്ധുക്കൾ എന്നിവരും ആശുപത്രിയിലുണ്ട്. ഭാര്യയും ബികോമിനും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് പെൺമക്കളും അടങ്ങുന്നതാണ് പ്രസാദിൻ്റെ കുടുംബം.
രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമുള്ള ഹൃദയ ശസ്ത്രക്രിയാ സൗകര്യമാണ് ജനറൽ ആശുപത്രിയിലും യാഥാര്‍ത്ഥ്യമായത്. ഇതിലൂടെ സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ ലഭ്യമാകുകയാണ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ബ്ലോക്കിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ സര്‍ജറി നടന്ന ഓപ്പറേഷന്‍ തീയറ്ററും ആവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടയുള്ളവ ഈ സര്‍ക്കാരിന്റെ കാലത്താണ് സജ്ജമാക്കിയത്. ഇതിനായി കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍മാരെ ആശുപത്രിയില്‍ പ്രത്യേകമായി നിയമിച്ചു. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചത്. ഹൃദ്രോഗ ശസ്ത്രക്രിയ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബൈപാസ് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവെക്കല്‍, ജന്മനായുള്ള ഹൃദയ തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍ മുതലായവ പരിഹരിക്കുന്നതിന് ജനറല്‍ ആശുപത്രി സജ്ജമാകും.
കോട്ടയം മെഡിക്കല്‍ കോളേജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറാണ് ആദ്യത്തെ ബൈപാസ് സര്‍ജറിക്ക് നേതൃത്വം നല്‍കിയത്.