കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉത്സവകാല കമ്പോള ഇടപെടല്‍ ശക്തമാക്കി ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉത്ഘാടനം 18ന് വൈകുന്നേരം നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വില്‍പന നടത്തും. ഡോ. ശശി തരൂര്‍ എം.പി, തിരുവനന്തപുരം മേയര്‍ എസ്. ആര്യ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

വിപണന കേന്ദ്രങ്ങളില്‍ ഹോം അപ്ലൈന്‍സസ് ഉള്‍പ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭ്യമാണ്. വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. ഫെയര്‍ ജനുവരി അഞ്ച് വരെ തുടരും. താലൂക്ക് ഫെയറുകള്‍, ക്രിസ്മസ് മാര്‍ക്കറ്റുകള്‍ എന്നിവ ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ച് വരെ വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് നടക്കും. എല്ലാ ഫെയറുകളും രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും.