405 പദ്ധതികള്‍ റിയാബിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കും

വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും മത്സരക്ഷമമാക്കാനുമായി 405 പദ്ധതികള്‍ നടപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ മാസ്റ്റര്‍ പ്ളാനിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധതികളാണ് വ്യവസായ വകുപ്പ് നടപ്പാക്കുന്നത്. റിയാബിനാണ് മേല്‍നോട്ട ചുമതല. ഇതിന്റെ ഭാഗമായി റിയാബിനെയും പുനക്രമീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

175 ഹ്രസ്വകാല പദ്ധതികളും 131 ഇടക്കാല പദ്ധതികളുമുണ്ട്. 99 എണ്ണം ദീര്‍ഘകാല പദ്ധതികളാണ്. ഏഴു വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുക. റിയാബ് പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി പ്രോജക്ട് മാനേജ്മെന്റ് സംവിധാനം കൊണ്ടുവരും. ഇതിനായി സാങ്കേതിക, ഭരണ, ധനകാര്യ, ആസൂത്രണ വിദഗ്ധര്‍ അടങ്ങിയ പ്രത്യേക ടീമുകള്‍ ഉണ്ടാവും. കെ. എം. എം. എലിന്റെ മുന്‍ എം. ഡി കൂടിയായ റോയ് കുര്യനാണ് പദ്ധതിയുടെ ഏകോപന ചുമതല. പദ്ധതി നടപ്പാക്കുന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലവിലെ പ്രതിവര്‍ഷ വരുമാനം 3321.37 കോടി രൂപയില്‍ നിന്ന് 17538 കോടിയായി വര്‍ധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിലെ 14000 തൊഴിലവസരത്തിന് പുറമെ 5500 പുതിയ തൊഴിലവസരം നേരിട്ട് സൃഷ്ടിക്കപ്പെടും. ആറ് മാസത്തിനുള്ളില്‍ ഡിപിആര്‍ തയ്യാറാക്കി ഹ്രസ്വകാല പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുന്നതിനായി മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രസാദ് പണിക്കര്‍, ഹരികുമാര്‍ എന്നിവരാണ് അംഗങ്ങള്‍. റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം ലഭിക്കും. മികച്ച പൊതുമേഖലാ സ്ഥാനങ്ങള്‍ക്കും മികച്ച എം. ഡി, തൊഴിലാളി എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും. മാധ്യമ റിപ്പോര്‍ട്ടിംഗിനും അവാര്‍ഡ് നല്‍കും.
കെല്‍ട്രോണിന്റെ ഇലക്ട്രോണിക്സ് ഹബ് പദ്ധതിയും ആവിഷ്‌കരിക്കും. പവര്‍ ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഇലക്ട്രോണിക്സ്, ഡിഫന്‍സ് ഇലക്ട്രോണിക്സ്, സ്പേസ് ഇലക്ട്രോണിക്സ്, സിറാമിക് ചിപ് കപ്പാസിറ്റര്‍ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഹബ് പ്രവര്‍ത്തിക്കുക. ഇലക്ട്രിക് വാഹന സോണ്‍ രൂപീകരിക്കുന്നതിന് പ്രത്യേക മാസ്റ്റര്‍ പ്ളാനും ആവിഷ്‌കരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയില്‍ കിന്‍ഫ്രയുമായി ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.