ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ഫ്രണ്ട് ഓഫീസുകളുടെ പ്രവര്‍ത്തനം ജനുവരിയില്‍ ആരംഭിക്കുമെന്നും വേഗത്തില്‍ പരാതികള്‍ പരിഹരിച്ചു നല്‍കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവകരമായ മാറ്റമാണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് എന്നും ആക്റ്റ് നിലവില്‍ വന്നതോടെ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 91 ലക്ഷത്തിലധികം കാര്‍ഡ് ഉടമകളുണ്ട്. അവരുടെ സംരക്ഷണം വലിയൊരു കാര്യമായാണ് വകുപ്പ് കാണുന്നത്. ഭക്ഷ്യ പൊതു വിതരണ രംഗത്തെ പ്രശ്‌നങ്ങളെല്ലാം അതിവേഗത്തില്‍ പരിഹരിച്ച് മുന്നേറാനുള്ള ശ്രമവും വകുപ്പ് നടത്തുന്നുണ്ട്. ഇ-പോസ് മെഷീന്റെ തകരാറു മൂലം ഭക്ഷ്യധാന്യ വിതരണം മുടങ്ങുന്നതിനെ കുറിച്ച് നിരവധി പരാതികളുണ്ടായിരുന്നു. അത്തരം പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. എഫ്.സി.ഐ ഗോഡൗണുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ വകുപ്പിന് സാധിച്ചു.
സപ്ലൈകോ, എഫ്‌സിഐ ഗോഡൗണുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രം ലോഡ് വാഹനങ്ങളിലേക്ക് കയറ്റിയാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ തൂക്കത്തെ സംബന്ധിച്ചും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ തന്നെ അടിയന്തരമായി ഇടപെടാനും പരിഹാരമുണ്ടാക്കാനുമുള്ള ശ്രമം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡിസംബര്‍ 24 ന് ഉപഭോക്തൃ സംരക്ഷണ ദിനത്തില്‍ വിപുലമായ പരിപാടികള്‍ വകുപ്പ് സംഘടിപ്പിക്കും. പ്ലാസ്റ്റിക് ഉപേക്ഷിക്കാം പ്രകൃതിയെ രക്ഷിക്കാം എന്നതാണ് ഇതിന്റെ മുദ്രാവാക്യമായി എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയോടാനുബന്ധിച്ച് ”പ്ലാസ്റ്റിക് മലിനീകരണം എന്ന വിഷയത്തില്‍ സെമിനാറും നടത്തി. കൂടാതെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ഉണരു ഉപഭോക്താവേ ഉണരൂ’ എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹരിത ഉപഭോഗം, പ്ലാസ്റ്റിക് മലിനീകരണം’ എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചു.
പേരൂര്‍ക്കട വെറ്റിനറി കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്റ് പി.വി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീല ശ്രീധരന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി എസ് ഉണ്ണി കൃഷ്ണകുമാര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ഷീല എ.എം, ജില്ലാ ഉപഭോക്തൃ സമിതി സെക്രട്ടറി വേണുഗോപാല്‍ തുടങ്ങിയവരും പങ്കെടുത്തു.