വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ് പാർക്ക് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കേന്ദ്ര-സംസ്ഥാന സർക്കാർ സഹകരിച്ച് കഞ്ചിക്കോട്, ചേർത്തല എന്നിവടങ്ങളിലായി രണ്ട് മെഗാ ഫുഡ് പാർക്കുകളാണ് സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. അതിൽ കഞ്ചിക്കോട് ഫുഡ് പാർക്കിലെ എല്ലാ സ്ഥലങ്ങളും അലോട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 12 യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചേർത്തലയിലെ ഫുഡ് പാർക്ക് ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. കൂടുതൽ അപേക്ഷകൾ വരുന്നതിനാൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് മൂന്ന് മിനിഫുഡ് പാർക്കുകൾ കൂടി നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയതായും മന്ത്രി പറഞ്ഞു . പട്ടികജാതി- പട്ടികവർഗ്ഗ മേഖലകളിൽ പ്രത്യേക പരിഗണന നൽകുന്നതിന് അട്ടപ്പാടിയിൽ ഫുഡ് പാർക്ക് സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. കിൻഫ്ര ഫുഡ് പാർക്കിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയും വൈദ്യുതി പ്രതിസന്ധിയും പാർക്കിലെ സംരംഭകരുടെ പ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വ്യവസായ ഇടനാഴിക്കുള്ള സ്ഥലമേറ്റെടുപ്പ് ജനുവരി 31 നകം പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് , കിൻഫ്ര സെൻട്രൽ സോൺ മാനേജർ ടി.ബി. അമ്പിളി , തഹസിൽദാർ ജി. രേഖ, ഡപ്യൂട്ടി കലക്ടർ രവീന്ദ്ര നാഥ പണിക്കർ, മുരളീകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.