രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ആശയങ്ങള്‍കൊണ്ടാണ് രാഷ്ട്രീയം വ്യക്തമാക്കേണ്ടതെന്നും അതിന് ആയുധങ്ങള്‍ ആവശ്യമില്ലെന്നും ആലപ്പുഴ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

കൊല ചെയ്യുന്നവരാണെങ്കിലും കൊല്ലപ്പെട്ടവരാണെങ്കിലും പിന്നീടുള്ള അവഗണനയും മാനസീക സമ്മര്‍ദ്ദവുമെല്ലാം കുടുംബത്തിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണെന്നും, വളര്‍ന്നു വരുന്ന കുട്ടികളുടെ വ്യക്തിത്വ വളര്‍ച്ചയെയും സാമൂഹിക ജീവിതത്തെയും അത് സാരമായി ബാധിക്കുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. വനിതാ കമ്മീഷനില്‍ ലഭിക്കുന്ന പരാതികളില്‍ ആവശ്യമായ നിയമ സഹായം നല്‍കുന്നുണ്ട്.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ഭാര്യ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് അവരുടെ പണം തിരികെ ലഭിച്ചതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
അദാലത്തില്‍ 35 പരാതികള്‍ പരിഗണിച്ചു. 10 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ റിപ്പോര്‍ട്ട് തേടി. 21 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. അഭിഭാഷക പാനലിലുള്ള പി.സിന്ധു, എം.ഇന്ദിരാവതി ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍ തുടങ്ങിയവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.