കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക തയ്യാറായ സാഹചര്യത്തില്‍ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയതായി കൊല്ലം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. 4189 മരണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലഭിച്ചത് 1000 ല്‍ താഴെ അപേക്ഷകളും. അര്‍ഹരായ മുഴുവന്‍ പേരും അപേക്ഷിക്കുന്നതിനായി ബോധവത്കരണം നടത്തും. അപേക്ഷ സ്വീകരിക്കാന്‍ താലൂക്ക്തല ക്യാമ്പുകളും നടത്തുകയാണ്. ഭവനസന്ദര്‍ശനം നടത്തിയും ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കും.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും എക്‌സ് ഗ്രേഷ്യ വിവര ശേഖരണത്തിനായി നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണം. വാര്‍ഡ് അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, സാമൂഹിക സന്നദ്ധ സേന ഉള്‍പ്പടെ മറ്റു വളന്റിയര്‍മാര്‍ എന്നിവരുടെ സഹായത്തോടെ ഭവനസന്ദര്‍ശനം നടത്തി വെബ്‌സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷന്‍-വിവരശേഖരണം നടത്തണം.
ലഭിക്കുന്ന വിവരങ്ങളുടെ/അപേക്ഷകളുടെ കൃത്യത ഉറപ്പാക്കി കൈമാറേണ്ടത് വില്ലേജ് ഓഫീസര്‍മാരാണ്. ക്യാമ്പുകളുടെ ചുമതല തഹസില്‍ദാര്‍മാര്‍ക്കാണ്. മരണമടഞ്ഞവരുടെ പട്ടികയും ആശ്രിതരുടെ വിവരങ്ങളും പരിശോധിച്ച് വ്യക്തത വരുത്തി തുക വിതരണവും ഏകോപനവും കൂടി നിര്‍വഹിക്കണം.covid19.kerala.gov.in  വഴി സര്‍ട്ടിഫിക്കറ്റുകളില്‍ ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്താനുള്ള സംവിധാനവും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.