വിദ്യാര്‍ത്ഥി-യുവജനങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ തടയിടണം; മന്ത്രി ആര്‍ ബിന്ദു

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വിമുക്തി വാരം സംസ്ഥാനതല ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി ഹാളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു. വിമുക്തി വാരത്തിലൂടെ ലഹരിയുടെ ഉപയോഗത്തിനെതിരെ ജനകീയമായ കൂട്ടായ്മയ്ക്കാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും വര്‍ദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിന് തടയിടേണ്ടതുണ്ട്. കുറച്ചുനാള്‍ മുന്‍പ് വരെ നമ്മുടെ കുഞ്ഞി മക്കളെ ലഹരി മാഫിയയുടെ കയ്യില്‍പ്പെട്ട് കാണാതാവുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു.

സാധാരണ ജനങ്ങള്‍ക്ക് തടയാന്‍ കഴിയാത്ത വിപുലമായ നെറ്റ്‌വര്‍ക്കുള്ള മാഫിയ സംഘങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഉറവിടത്തില്‍ തന്നെ ഇത്തരം ദുഷ്ട ശക്തികളെ അപഹരിക്കാന്‍ കഴിയണം. ലഹരി ഉല്‍പ്പന്നങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുക എന്ന ചിന്തയിലേയ്ക്ക് പൊതുജനങ്ങളെയും യുവജനതയെയും കൊണ്ട് വരേണ്ടതുണ്ട്. ഈ വിപത്തിനെതിരെയുള്ള പ്രതിരോധം തീര്‍ക്കാനായി വലിയ ഉത്തരവാദിത്വമാണ് വിമുക്തി വാരത്തിലൂടെ ലൈബ്രറി കൗണ്‍സില്‍ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലഹരിയുടെ അമിതമായ ഉപയോഗത്തിനെതിരെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാരിന്റെ വിമുക്തി മിഷനുമായി സഹകരിച്ചാണ് വിമുക്തി വാരവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. എക്‌സൈസ് വകുപ്പും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 23 മുതല്‍ 30 വരെ വിമുക്തി വാരമായി ആചരിക്കുന്നു. കേരളത്തിലെ ഒന്‍പതിനായിരത്തിലധികം ഗ്രന്ഥശാലകളിലും ആയിരത്തോളം വരുന്ന പഞ്ചായത്ത് മേഖലാ സമിതികളിലും ക്ലാസുകള്‍, സെമിനാറുകള്‍, കലാസാഹിത്യ മത്സരങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മുഖ്യപ്രഭാഷണം നടത്തി. മുരളി പെരുനെല്ലി എം എല്‍ എ കൈപ്പുസ്തകം പ്രകാശനം ചെയ്തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ വി കുഞ്ഞികൃഷ്ണന്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സെന്‍ട്രല്‍ സോണ്‍ പി കെ സാനു, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടിവ് അംഗം പി തങ്കം ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ ഹാരിഫാബി തുടങ്ങിയവര്‍ പങ്കെടുത്തു.