നിയമനങ്ങള്‍ വേഗത്തിലാക്കുന്നതുള്‍പ്പെടെയുള്ള ഉദ്യോഗാര്‍ത്ഥി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ ഇ-ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കമ്മീഷനംഗം അഡ്വ.എം.കെ രഘുനാഥന്‍ നിര്‍വ്വഹിച്ചു. പി.എസ്.സി ഓഫീസുകള്‍ക്ക് ജില്ലയില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാകുന്നതിനുള്ള സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാപനം പുറപ്പെടുവിച്ചാലുടന്‍ തന്നെ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞടുത്ത് നിയമനം നല്‍കുന്നതിന് മാരത്തോണ്‍ പ്രവര്‍ത്തനങ്ങളാണ് കമ്മീഷന്‍ നടത്തിവരുന്നത്. ആസ്ഥാന-ജില്ലാ ആഫീസുകളില്‍ നിലവിലുള്ള എല്ലാ ഫയലുകളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ സെക്രട്ടറി ആര്‍. രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഇ-ഓഫീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. മനോജ് വിശദീകരിച്ചു. ഫയല്‍ നീക്കത്തില്‍ വേഗത, സുതാര്യത, കാര്യക്ഷമത എന്നിവ ഉറപ്പു വരുത്തുന്ന ഇ-ഓഫീസ് സോഫ്റ്റ് വെയര്‍ എന്‍.ഐ.സി യാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഓണ്‍ ലൈനില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ പരിശീലനം നല്‍കും. ആറു മാസത്തേക്ക് ഒരു സപ്പോര്‍ട്ട് എന്‍ജിനീയറുടെ സഹായവും എന്‍.ഐ.സി ലഭ്യമാക്കും. ജോ.സെക്രട്ടറി രവീന്ദ്രന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് എസ്. സജി സ്വാഗതവും അണ്ടര്‍ സെക്രട്ടറി കെ.ആര്‍ മനോജ് കുമാര്‍ പിള്ള നന്ദിയും പറഞ്ഞു.