കൊച്ചി: ശിശുക്ഷേമസമിതിയുടെ കീഴിലുള്ള എറണാകുളം-കുട്ടികളുടെ പാര്‍ക്ക് നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. അടുത്ത ഫെബ്രുവരിയില്‍ തന്നെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പൊതു ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ടിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. പണികള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഫണ്ടുകള്‍ പാസാക്കി നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നാലു കോടി രൂപയുടെ ഭരണാനുമതിയാണ് പാര്‍ക്കിനു നല്‍കിയിരിക്കുന്നത്. സമഗ്രമായ നവീകരണവും സൗന്ദര്യവത്കരണവും ലക്ഷ്യമിടുന്ന പദ്ധതിയില്‍ പ്രവേശന കവാടം, നൂതന കളിയുപകരണങ്ങള്‍, ഉല്ലാസ ബോട്ടുകള്‍, കഫെറ്റീരിയ, സൂചന ബോര്‍ഡുകള്‍, ടൊയ്‌ലെറ്റുകള്‍ മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണ് (കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ്) നിര്‍മ്മാണച്ചുമതല. പാര്‍ക്കില്‍ ആരംഭിക്കാന്‍ പോകുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ദൃശ്യം മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു.
പദ്ധതിയുടെ റിപ്പോര്‍ട്ട് കെല്‍ മാനേജിംഗ് ഡയറക്ടര്‍ ഷാജി.എം.വര്‍ഗീസ് അവതരിപ്പിച്ചു. പ്രവേശന കവാടം മുതലുള്ള നവീകരണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, വാച്ച്മാന്‍ കാബിന്‍ എന്നിവയുടെ നിര്‍മാണത്തിന് 23,70,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ ഇരിപ്പിടങ്ങളും അടയാള ബോര്‍ഡുകള്‍ക്കുമായി 20 ലക്ഷം രൂപ ചെലവിടും. പാര്‍ക്കില്‍ നിലവിലുള്ള കളി യുപകരണങ്ങളെല്ലാം മാറ്റി പുതിയത് വാങ്ങുന്നതിനായി 22 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
25 ലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കുക. മൂന്ന് വൈല്‍ഡ് സ്റ്റീല്‍ ഗെയ്റ്റിനും പിന്‍ഭാഗത്തെ സൗന്ദര്യവല്‍കരണത്തിനും പന്ത്രണ്ടര ലക്ഷം രൂപയും പൂന്തോട്ട നവീകരണത്തിന് പത്തുലക്ഷം രൂപയും ചെലവിടും. നിലവിലെ മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ ആന്റ് ഡാന്‍സിംഗ് ഏരിയ കമ്പ്യൂട്ടര്‍ ആര്‍ക്കെയ്ഡ് ഗെയിം ഏരിയയാക്കാന്‍ 78 ലക്ഷം രൂപ മുടക്കും. കഫെറ്റീരിയയ്ക്കും പുതിയ ഓഫീസ് കെട്ടിടത്തിനും 49 ലക്ഷവും നിലവിലെ സ്‌കേറ്റിംഗ് ഏരിയയ്ക്കും കിഡ്‌സ് ഏരിയയ്ക്കും ഇരുപത്തൊമ്പതര ലക്ഷവും സിസിടിവി, കുടിവെള്ള സംവിധാനം, കനാല്‍ ഏരിയ സൗന്ദര്യവത്കരണം സോളാര്‍ പാനലിന്റെ സ്ഥാപനം മുതലായവക്ക് 46, 89,700 രൂപയും ചെലവഴിക്കുമെന്നും റിപ്പോര്‍ട്ടില്‍ എം.ഡി പറഞ്ഞു.
പാര്‍ക്കിലെ കുട്ടികളുടെ തീയറ്ററില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫണ്ട് തികയാതെ വന്നാല്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ പാര്‍ക്കിന്റെ സംരക്ഷണ ചുമതലയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയിന്‍, ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ശ്യാമലക്ഷ്മി എസ്, വിനോദ സഞ്ചാര വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ കെ.പി.നന്ദകുമാര്‍, കൗണ്‍സിലര്‍ കെ.വി.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.