കൊച്ചി: ജൈവ വൈവിധ്യത്തിന്റെ കലവറകളായ കാവുകള്‍ സംരക്ഷിക്കണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹരിത ക്ഷേത്രം ശില്‍പ്പശാല എറണാകുളത്തപ്പന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് കാവുകള്‍ അത്യന്താപേക്ഷിതമാണ്. വൃക്ഷങ്ങള്‍ നടുക മാത്രമല്ല അത് പരിപാലിക്കുക കൂടി ചെയ്യണം. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള തരിശ്ഭൂമി കൃഷിക്കും മറ്റ്  ക്ഷേത്രാവശ്യങ്ങള്‍ക്കുമുള്ള സസ്യങ്ങളും വിളയിച്ചെടുക്കാനുള്ള കൊച്ചി ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ ഹരിതാഭമാക്കി തീര്‍ക്കുവാനുള്ള സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്ക് ഒരു പുതിയ അവബോധം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിച്ചു. ക്ഷേത്രസങ്കേതങ്ങളായ നെല്‍പ്പാടങ്ങളും പറമ്പും കുളവും കാവും കൃഷിയിടങ്ങളും ഹരിതാഭമായി സംരക്ഷിക്കപ്പെടണം. നാടിന്റെ ന•യുടെ ഉറവിടമായി ക്ഷേത്രങ്ങള്‍ മാറുമ്പോള്‍ ഹരിത ക്ഷേത്രം പദ്ധതി അതിന്റെ പാരമ്യതയില്‍ എത്തും എന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ‘പ്രസാദം വിശക്കുന്നവന് ഭക്ഷണം’ എന്ന പുതിയ പദ്ധതിയെ അദ്ദേഹം അനുമോദിച്ചു.
കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 270 ക്ഷേത്രങ്ങളിലാണ് ഹരിത ക്ഷേത്രം പരിപാടി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ സ്ഥലങ്ങളില്‍  ഔഷധത്തോട്ടങ്ങള്‍, കരനെല്‍ കൃഷി, പൂക്കൃഷി, നക്ഷത്ര വനങ്ങള്‍, വാഴക്കൃഷി, തെങ്ങ് കൃഷി മുതലായവ നടപ്പിലാക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരുമായി സഹകരിച്ചാണ് രണ്ടാം ഘട്ട ഹരിത ക്ഷേത്രം പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നത്.
സംവിധായകന്‍ സുധി അന്ന സംവിധാനം ചെയ്ത ഹരിത ക്ഷേത്രം, പൂര്‍ണ്ണത്രയീശ ക്ഷേത്രം വൃശ്ചികോത്സവം 2017 പദ്ധതികളുടെ ഡോക്യുമെന്ററി  സി.ഡികളുടെ പ്രകാശനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.
വൃക്ഷ പരിപാലനത്തിന്റെ ആവശ്യകത ക്ഷേത്രങ്ങളില്‍ എന്ന വിഷയത്തില്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മാര്‍ട്ടിന്‍ ലോവല്‍,  ക്ഷേത്രസങ്കേതം ഔഷധസസ്യങ്ങളും എന്ന വിഷയത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് പ്രൊഫസര്‍ ഡോ. എന്‍ . മിനി രാജ്, ക്ഷേത്ര ആവശ്യങ്ങള്‍ക്കുള്ള പൂജാപുഷ്പങ്ങള്‍ – വാഴ, പച്ചക്കറി കൃഷി എന്ന വിഷയത്തില്‍  കേരള കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ ഡോ. സി. നാരായണന്‍കുട്ടി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ. എം. കെ. സുദര്‍ശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണന്‍, അഡ്വ. ടി. എന്‍. അരുണ്‍കുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി. എ. ഷീജ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ കലാ ദേവി തുടങ്ങിയവര്‍ സംസാരിച്ചു.