കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ അംഗന്‍വാടികളില്‍ നടപ്പാക്കുന്ന നിരീക്ഷാ, അക്ഷരം പദ്ധതികള്‍ക്ക് തുടക്കം. കുട്ടികളുടെ ഭാരവും ഉയരവും അളക്കാനുള്ള പദ്ധതിയായ നിരീക്ഷയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ നിര്‍വ്വഹിച്ചു. അംഗന്‍വാടികളില്‍ ലൈബ്രറി ഒരുക്കുന്ന അക്ഷരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.പി സുഭാഷ് നിര്‍വ്വഹിച്ചു.
കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് പ്രാമുഖ്യം നല്‍കുന്ന ജില്ലാ പഞ്ചായത്ത് കുട്ടികളിലെ വളര്‍ച്ചാകുറവ് കൃത്യമായി മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിരീക്ഷ പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ എല്ലാ അംഗന്‍വാടികളിലും എഴുന്നേറ്റ് നില്‍ക്കാറാകാത്ത പിഞ്ചുകുട്ടികളുടെ തൂക്കവും ഉയരവും കൃത്യമായി അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ സജ്ജീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. എല്ലാ പഞ്ചായത്തിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റികള്‍ രൂപീകരിച്ച് ജില്ലയെ ബാല സൗഹൃദ ജില്ലയായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലാദ്യമായാണ് അംഗന്‍വാടികളില്‍ വായനശാല സജ്ജീകരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം എ. പി. സുഭാഷ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന് കീഴില്‍ 80 അംഗന്‍വാടികളിലാണ് ആദ്യ ഘട്ടത്തില്‍ അക്ഷര പദ്ധതിയുടെ കീഴില്‍ വായന ശാലകള്‍ സജ്ജീകരിക്കുന്നത്. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനിടെ കൗമാരക്കാരില്‍ നഷ്ടമാകുന്ന വായനാ സംസ്‌കാരത്തെ തിരിച്ച് പിടിക്കുവാനാണ് പദ്ധതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂതന പദ്ധതികളിലൂടെ മാതൃകാ കേന്ദ്രങ്ങളായി മാറുകയാണ് ജില്ലയിലെ അംഗന്‍വാടികള്‍. ബ്ലോക്കിന് കീഴിലുള്ള 155 അംഗന്‍വാടികളിലും നിരീക്ഷ പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഒരു പഞ്ചായത്തിലെ തിരഞ്ഞെടുത്ത അഞ്ച് അംഗന്‍വാടികളിലൂടെ ബ്ലോക്കില്‍ 30 അംഗന്‍വാടികളിലാണ് ആദ്യ ഘട്ടത്തില്‍ അക്ഷരം പദ്ധതി നടപ്പിലാക്കുന്നത്. ലൈബ്രറി സജ്ജീകരണത്തിന് അടിസ്ഥാന സൗകര്യമുള്ളതും കൗമാരക്കാരെ കേന്ദ്രീകരിച്ച് മികച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യുന്ന അംഗന്‍വാടികളെയാണ് അക്ഷരം പദ്ധതിയുടെ ആദ്യ ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തത്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിനായി ജില്ലയ്ക്ക് കീഴില്‍ 1900 അംഗന്‍വാടികളില്‍ 69 ലക്ഷം രൂപ ചെലവിലാണ് നിരീക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമന്‍ അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവന്‍, എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി പീറ്റര്‍, ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുധ രാജേന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജയന്‍ കുന്നേല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ധര്‍മ്മരാജന്‍, ബ്ലോക്ക് സെക്രട്ടറി ഗൗതമന്‍ ടി. സത്യപാല്‍, മുളന്തുരുത്തി അഡീഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്ദു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശുഭ കെ. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: എറണാകുളം ജില്ലാ പഞ്ചായത്ത് മുളന്തുരുത്തി ബ്ലോക്കിന് കീഴിലെ അംഗന്‍വാടികളില്‍ നടപ്പിലാക്കുന്ന നിരീക്ഷാ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ആശാ സനില്‍ നിര്‍വ്വഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.പി. സുഭാഷ് തുടങ്ങിയവര്‍ സമീപം.