തിരുവനന്തപുരം: പൊന്മുടിയില്‍ പണി പൂര്‍ത്തിയായ കുട്ടികളുടെ പാര്‍ക്ക്  ഡി. കെ .മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അതിഥിമന്ദിരത്തിന് സമീപത്തായി  രണ്ടു കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് പൂര്‍ത്തീകരിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊന്മുടി ലോവര്‍ സാനിറ്റോറിയം സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് പാര്‍ക്ക് നിര്‍മ്മിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. കാഴ്ചകള്‍ കാണാന്‍ ചെറിയ വാച്ച് ടവറും ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്ത് കുടുംബശ്രീ സ്ത്രീ കൂട്ടായ്മ നടത്തുന്ന ഭക്ഷണശാലയും ശൗചാലയവുമുണ്ട്.

പൊന്മുടി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലേയ്ക്കു തിരിയുന്ന പ്രധാന റോഡ് വീതികൂട്ടി വാഹനങ്ങള്‍ക്ക് സുഗമമായി പോകുവാന്‍ കഴിയുന്ന രീതിയില്‍ വിപുലീകരിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ റോഡ് തകര്‍ന്നതിനാല്‍ സഞ്ചാരികള്‍ക്ക് പൊന്മുടി കാണാനാവാത്ത സ്ഥിതിയുണ്ടെന്നും റോഡുകളുടെ അറ്റകുറ്റ പണികള്‍ തീര്‍ത്ത് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍  സ്വീകരിക്കുമെന്നും ഡി കെ മുരളി എംഎല്‍എ അറിയിച്ചു.

ചടങ്ങില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഷാരോണ്‍, ഗസ്റ്റ് ഹൗസ് മാനേജര്‍ ജയപാലന്‍, വാര്‍ഡ് മെമ്പര്‍ രാധാമണി തുടങ്ങിയവര്‍ പങ്കെടുത്തു.