വൈപ്പിൻ: ഒക്ടോബർ, നവംബർ മാസങ്ങളിൽ കനത്തമഴയെത്തുടർന്ന് മത്സ്യബന്ധനവിലക്ക് ഏർപ്പെടുത്തിയതുമൂലം തൊഴിൽനഷ്‌ടമുണ്ടായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മൂവായിരം രൂപവീതം ധനസഹായം വിതരണം ചെയ്യുന്നതിന്റെ വൈപ്പിനിലെ ഉദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു.

മത്സ്യത്തൊഴിലാളികളോട് സർക്കാർ പുലർത്തുന്ന കരുതലാണ് ധനസഹായം അനുവദിച്ചതിലൂടെ പ്രകടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.നിശ്ചിത വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌ത്‌ അനൂകൂല്യങ്ങളും ധനസഹായവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നു കെ എൻ ഉണ്ണികൃഷ്ണൻ നിർദ്ദേശിച്ചു.

വൈപ്പിനിലെ 7857 കുടുംബങ്ങൾക്കാണ് മൂവായിരം രൂപ വീതം അനുവദിച്ചത്. മൊത്തം 2,35,71,000 രൂപ അക്കൗണ്ടുകളിലൂടെ വിതരണംചെയ്‌തു. ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ രസികല പ്രിയരാജ് അധ്യക്ഷത വഹിച്ചു.വാർഡ് അംഗം കെ എ സെബാസ്റ്റ്യൻ ഷിബു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ കെ നൗഷർഖാൻ, ജൂനിയർ സൂപ്രണ്ട് പി സന്ദീപ്, ഞാറക്കൽ എക്സ്റ്റൻഷൻ ഓഫീസർ കെ ബി സ്‌മിത എന്നിവർ പ്രസംഗിച്ചു.