ഒല്ലൂർ നിയോജക മണ്ഡലത്തിലെ മണലിപ്പുഴയ്ക്ക് കുറുകെ പീച്ചി പട്ടിലാംകുഴി മൈലാടുംപാറ റോഡിൽ നിർമ്മിച്ച് വരുന്ന പാലത്തിന്റെ പ്രവർത്തനങ്ങൾ റവന്യൂമന്ത്രി കെ രാജൻ വിലയിരുത്തി. 2016- 2017 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 840 ലക്ഷം രൂപയുടെ പ്രവർത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. 715 ലക്ഷം രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ രൂപകൽപന പൊതുമരാമത്ത് ഡിസൈൻ വിഭാഗമാണ് നിർവഹിച്ചിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് ആയാണ് പാലം ഡിസൈൻ ചെയ്തിരിക്കുന്നത്. പാലത്തിന്റെ അഞ്ച് സ്പാനുകളിലായി 125 മീറ്റർ നീളവും ഒരു വശം നടപ്പാതയും മറ്റേ വശം ക്രാഷ് ബാരിയറും ഉൾപ്പെടെ ആകെ 9.50 മീറ്റർ വീതിയുമുണ്ട്.
പട്ടിലാംകുഴി ഭാഗത്ത് 12 മീറ്റർ വീതിയും 7.50 മീറ്റർ നീളവുമുള്ള ഒരു ബോക്സ് കൾവെർട്ടും ഉണ്ട്. പാലത്തിന്റെ ടൂറിസം സാധ്യത കണക്കിലെടുത്ത് നാഷണൽ ഹൈവേയുമായി പാലം ബന്ധിപ്പിക്കുന്നതിനായി പാണഞ്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള പൂളച്ചുവട് മുതൽ കട്ടച്ചിറക്കുന്ന പൈപ്പ് ലൈൻ വരെയുള്ള 866 മീറ്റർ റോഡും പട്ടിലാംകുഴി മുതൽ പീച്ചി ഡാം റോഡ് വരെയുള്ള 1118 മീറ്റർ റോഡും പിഡബ്ല്യൂഡി പ്രവർത്തിക്കായി ഉപയോഗിക്കും. റവന്യൂമന്ത്രിക്കൊപ്പം പാണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവിന്ദ്രൻ, പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.