മഴക്കെടുതി നേരിടാൻ വിവിധ ജില്ലകൾക്ക് പണം അനുവദിച്ചതിൽ വിവേചനമുണ്ടെന്നും ചില ജില്ലകൾക്ക് അനർഹമായി കൂടുതൽ പണം നൽകിയെന്നും ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ചേരിതിരിവുണ്ടാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ദുഷ്പ്രചാരണമാണിത്.

2018 ജൂൺ, ജൂലൈ മാസങ്ങളിൽ ദുരിതാശ്വാസത്തിന് ഓരോ ജില്ലക്കും അനുവദിച്ച തുക താഴെ ചേർക്കുന്നു.

ജില്ല തുക (കോടി)

1. തിരുവനന്തപുരം : 0.51
2. കൊല്ലം : 1.16
3. പത്തനംതിട്ട : 0.52
4. ആലപ്പുഴ : 19.92
5. കോട്ടയം : 7.21
6. ഇടുക്കി : 1.96
7. എറണാകുളം : 4.37
8. തൃശ്ശൂർ : 1.42
9. പാലക്കാട് : 7.61
10. മലപ്പുറം : 8.91
11. കോഴിക്കോട് : 1.84
12. വയനാട് : 1.82
13. കണ്ണൂർ : 3.81
14. കാസർഗോഡ് : 2.06
ആകെ : 63.05

വെള്ളപ്പൊക്കത്തിൽ തകർന്ന റോഡ് നന്നാക്കുന്നതിനുളള ചെലവ് ഈ കണക്കിൽ പെടുന്നില്ല. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച തെക്കൻ ജില്ലകൾക്ക് നൽകിയതിനേക്കാൾ കൂടുതൽ ധനസഹായം ചില വടക്കൻ ജില്ലകൾക്ക് നൽകിയെന്ന വ്യാഖ്യാനം തെറ്റാണെന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകും.

മുകളിൽ കൊടുത്ത കണക്കിന് പുറമെ ജൂലൈ 25-ന് ചേർന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആലപ്പുഴ ജില്ലക്ക് 2.44 കോടി രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്. ഇതിൽ 1.69 കോടി രൂപ ബണ്ടുകൾ പുനർനിർമിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുമാണ്. കോട്ടയം ജില്ലക്ക് 50 ലക്ഷം രൂപ അനുവദിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന എ.സി റോഡ് അറ്റകുറ്റപ്പണി ചെയ്യാൻ 35 ലക്ഷം രൂപയും ദുരന്തനിവാരണ അതോറിറ്റി അനുവദിച്ചു.

മലപ്പുറം ജില്ലക്ക് 26 കോടി രൂപ നൽകിയപ്പോൾ മറ്റു ജില്ലകൾക്ക് 10 കോടി രൂപയിൽ താഴെയാണ് അനുവദിച്ചതെന്ന് സമർഥിക്കാൻ സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കണക്കുകൾ ശരിയല്ല. മുൻ വർഷങ്ങളിൽ ചെയ്ത പ്രവൃത്തിയുടെ ചെലവാണിത്. മുൻ വർഷങ്ങളിലെ റോഡ് പ്രവൃത്തിക്ക് ഉൾപ്പെടെ വരുന്ന ചെലവ് ബില്ലുകൾ വരുന്ന മുറയ്ക്ക് ഓരോ വർഷവും കൊടുത്തു തീർക്കുകയാണ് ചെയ്യുന്നത്. ഈ വർഷം ചെലവഴിച്ച തുകയിൽ യു.ഡി.എഫ് കാലത്ത് അനുവദിച്ച റോഡ് പ്രവൃത്തികളുടെതടക്കം വരും. പ്രകൃതിദുരന്തമുണ്ടാകുമ്പോൾ കലക്ടർമാരുടെ ആവശ്യപ്രകാരമാണ് ഓരോ ജില്ലക്കും പണം അനുവദിക്കുന്നത്. മുൻവർഷത്തെ ബില്ലുകൾ കൊടുത്തുതീർക്കാനുണ്ടെങ്കിൽ അതിനുളള പണവും ഇതിൽ ഉൾപ്പെടാറുണ്ട്.