8.5 കോടി രൂപ ഇൻഷ്വറൻസ് ആനുകൂല്യമായി അനുവദിച്ചു
മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടു മരണം സംഭവിച്ചാൽ ബന്ധുക്കൾക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർക്കായിരിക്കുമെന്നും ഇക്കാര്യം ഉറപ്പാക്കുന്നതിനു ഫിഷറീസ് വകുപ്പിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലും നോഡൽ ഓഫിസർമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അപകട ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടലിൽ പോകുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ കർശനമാക്കുമെന്നു മന്ത്രി പറഞ്ഞു. കടലിൽ പോകുന്നവരുടെ പൂർണ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ നിർബന്ധമായും അറിയിക്കണം. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഇത് അനിവാര്യമാണ്. ഇക്കാര്യത്തിൽ വീഴ്ചവരുത്തരുത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരിമിതികൾ മനസിലാക്കി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയണം.
അപകടത്തിൽ മരണപ്പെടുന്നവരുടെ ബന്ധുക്കൾക്ക് ആനൂകുല്യങ്ങൾ വൈകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല. യഥാസമയം ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ഫിഷറീസ് ഉദ്യോഗസ്ഥർക്കായിരിക്കും. ആറു മാസത്തിനകം ആനുകൂല്യം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിശദീകരണം നൽകണം. തുടർന്നു മന്ത്രിതലത്തിൽ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽപ്പെട്ടു കാണാതാകുന്ന മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾക്ക് ഏഴു വർഷം കഴിഞ്ഞാണു നിലവിൽ ധനസഹായം ലഭിക്കുന്നത്. കേന്ദ്ര നിയമപ്രകാരമാണ് ഏഴു വർഷമെന്ന കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. പലപ്പോഴും ഇതു മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. ഈ നിബന്ധന മറികടന്ന് ആറു മാസത്തികം ഈ കുടുംബങ്ങൾക്കും ഇൻഷ്വറൻസ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാരും ഇൻഷ്വറൻസ് കമ്പനികളും തമ്മിൽ ധാരണയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
89 അപേക്ഷകൾ തീർപ്പാക്കി;8.5 കോടി അനുവദിച്ചു
145 അപേക്ഷകളാണ് ഇന്നലെ (ഡിസംബർ 28) നടന്ന അദാലത്തിൽ പരിഗണനയ്ക്കു വന്നതെന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇവയിൽ 89 എണ്ണം തീർപ്പാക്കി. 52 പേർക്ക് 4.92 കോടി രൂപയുടെ ചെക്ക് ചടങ്ങിൽ വിതരണം ചെയ്തു. 39 പേരുടെ 3.58 കോടി രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം തീർപ്പാക്കി. ഇവരുടെ ഇൻഷുറൻസ് തുക ഒരു മാസത്തിനകം വിതരണം ചെയ്യും.
ഒമ്പതു വർഷം പഴക്കമുള്ള ക്ലെയിമുകൾ വരെ തീർപ്പാക്കിയതിൽ ഉൾപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. കെമിക്കൽ അനാലിസിസ് റിപ്പോർട്ട്, ഡയാറ്റം ടെസ്റ്റ്, ഹിസ്റ്റോ പാതോളജി റിപ്പോർട്ട് തുടങ്ങിയവ ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് പലപ്പോഴും ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് വൈകുവാൻ കാരണം. പരിഗണനയ്ക്കെടുത്തതിൽ തീർപ്പാവാത്ത ശേഷിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥ തലത്തിൽ അദാലത്തുകൾ നടത്തി മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലുള്ളവർക്കായിരുന്നു തിരുവനന്തപുരത്ത് അദാലത്ത് നടത്തിയത്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ അദാലത്ത് ജനുവരി രണ്ടാം വാരം കോഴിക്കോട് വെച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
മത്സ്യത്തൊഴിലാളി സമൂഹം അഭിമുഖീകരിച്ചിരുന്ന നിരവധി പ്രശ്നങ്ങളിൽ കഴിഞ്ഞ ആറു മാസത്തിനകം പരിഹാരമുണ്ടാക്കാൻ സർക്കാരിനു കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അനാവശ്യ തടസവാദങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യം വൈകിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടർ ആർ. ഗിരിജ, മത്സ്യ ബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, അംഗങ്ങളായ സി. പയസ്, എ.കെ. ജബ്ബാർ, പി.എ. ഹാരിസ്, സഫർ ഖയാൽ, ഇൻഷ്വറൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാജി വിത്സൺ, മത്സ്യബോർഡ് കമ്മിഷണർ ഒ. രേണുകാദേവി, ഇൻഷ്വറൻസ് കമ്പനി പ്രതിനിധികളായ സുജിത്ത് പി. കൃഷ്ണൻ, പി. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.