കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കള്‍ക്കുള്ള സാക്ഷരതാ പാഠാവലികള്‍ എത്തി.20000 സാക്ഷരതാ പാഠാവലികള്‍ ആണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. 2022 മാര്‍ച്ച് 31 ഓടെ 20000 നിരക്ഷരരെയാണ് ഇടുക്കി ജില്ലയില്‍ സാക്ഷരരാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നടക്കുന്ന സര്‍വ്വേയിലൂടെയാണ് പഠിതാക്കളെ കണ്ടെത്തുന്നത്. 8 മുതല്‍10 വരെ പഠിതാക്കള്‍ക്ക് ഒരു ക്ലാസ് എന്ന നിലയിലാണ് പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 2000 ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ പഠിതാക്കള്‍ക്ക് ക്ലാസുകള്‍ നല്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ പഠന ക്ലാസുകള്‍ ആരംഭിച്ച് വരികയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത അത്രയും പഠിതാക്കള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ കൈപ്പറ്റാവുന്നതാണെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം അറിയിച്ചു.