4.82 കോടി രൂപ ചെലവില്‍ ചൊവ്വര ജലശുദ്ധീകരണ ശാലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു ജില്ലാ ജലശുചിത്വ മിഷന്‍ ഭരണാനുമതി നല്‍കി. പളളിപ്പുറം, കുഴിപ്പള്ളി, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ശുദ്ധജലവിതരണ പദ്ധതിയുടെ ബാക്കി തുക ഉപയോഗിച്ചാണ് ചൊവ്വര ജലശുദ്ധീകരണ ശാലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

വേങ്ങൂര്‍, വെങ്ങോല, ശ്രീമൂലനഗരം, കാഞ്ഞൂര്‍, ഒക്കല്‍, രായമംഗലം, ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിലെ ജലജീവന്‍ മിഷന്‍ പദ്ധതിക്കായുള്ള 94.77 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതിക്കും ജില്ലാ ജലശുചിത്വ മിഷന്‍ യോഗം അംഗീകാരം നല്‍കി.

ജില്ലാ വികസന കമ്മീഷ്ണര്‍ ഷിബു കെ. അബ്ദുള്‍ മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഹൈബി ഈഡന്‍ എം.പി, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജോച്ചന്‍ ജോസഫ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ വി.കെ ജയശ്രീ, ടി.എസ് പ്രദീപ് എന്നിവര്‍ പങ്കെടുത്തു.