ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാക്കി എല്ലാവരെയും മാറ്റുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം ജില്ലയെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരമാക്കാനുള്ള ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും കിലയും ചേര്‍ന്ന് നടത്തുന്ന പരിപാടികളുടെ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന പ്രത്യേക ആസൂത്രണ സമിതി യോഗം ഇതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. 2022 ആഗസ്റ്റ് 14ന് അര്‍ദ്ധരാത്രി കൊല്ലത്തെ സമ്പൂര്‍ണഭരണഘടനാ സാക്ഷരത നേടിയ ജില്ലയാക്കി പ്രഖ്യാപനം നടത്താന്‍ ലക്ഷ്യമിട്ടുള്ള പരിപാടികളാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ പറഞ്ഞു.
പത്ത് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഭരണഘടനയെക്കുറിച്ച് അവബോധം പകരുന്നതിനുള്ള പ്രവര്‍ത്തനം നടത്തും. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്‌കൂളുകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരണ, പരിശീലന പരിപാടികള്‍ നടത്തും. കില പരിശീലനം നല്‍കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ഇതിന് നേതൃത്വം നല്‍കും. വീടുകളില്‍ പതിക്കുന്നതിന് ആകര്‍ഷകമായി അച്ചടിച്ച ഭരണഘടനയുടെ ആമുഖം എത്തിക്കും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കി നല്‍കും. ദി സിറ്റിസണ്‍ എന്ന പേരില്‍ നടത്തുന്ന യജ്ഞം ബഹുജനപങ്കാളിത്തത്തോടെ വിജയത്തിലെത്തിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ ആസൂത്രണസമിതി അംഗങ്ങള്‍, തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.