സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നടപ്പിലാക്കുന്ന ബാല സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, ഗ്രാമ, നഗരസഭ തലങ്ങളിലെ ബാല സുരക്ഷ സമിതികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ബാലസൗഹൃദ കേരളം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക, തദ്ദേശ സ്ഥാപനങ്ങളിലെ ബാല സംരക്ഷണ സമിതികള്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ രാജ്‌റസിഡന്‍സിയില്‍ നടന്ന ശില്‍പശാല ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളും മയക്ക് മരുന്ന് ഉപയോഗവും വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വാര്‍ഡ്തലത്തില്‍ ബാലസംരക്ഷണ കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തീകരിക്കുന്നതോടെ ഇത്തരം കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കാന്‍ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

സംസ്ഥാന ബാലാവകാശ സംരക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബാലസംരക്ഷണ സമിതികള്‍ കാര്യക്ഷമമാകുന്നതോടെ കുട്ടികള്‍ക്കിടയിലെ ചൂഷണം ഒഴിവാക്കാന്‍ സാധിക്കുമെന്നും കുട്ടികളുടെ പരാതി പരിഹാര കേന്ദ്രങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാറണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സംരക്ഷണ കമ്മീഷന്‍ അംഗം ഫിലിപ്പ് പരക്കാട്ട്, കാഞ്ഞങ്ങാട് നഗരസഭാ ഉപാധ്യക്ഷന്‍ ബില്‍ടക് അബ്ദുല്ല, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ പി രജിത, എ കെ പ്രിയ, എം ആര്‍ ശിവപ്രസാദ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ബി മോഹന്‍കുമാര്‍, ഡി വൈ എസ് പി സതീഷ് കുമാര്‍ ആലക്കാല്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ ആല്‍ഫ്രഡ് ജെ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം പി പി ശ്യാമള ദേവി സ്വാഗതവും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി എ ബിന്ദു നന്ദിയും പറഞ്ഞു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി വിജയകുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിന്ദു സി ഏ, അഡ്വ. ഏ ശ്രീജിത്ത്, മുണ്ടേരി ബാല സൗഹൃദ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പി ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബാല സുരക്ഷ സമിതികളുടെ ഉപാധ്യക്ഷന്‍മാരായിട്ടുള്ള ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാര്‍, ഭരണ നിര്‍വഹണ ഓഫീസര്‍മാരായിട്ടുള്ള സി ഡി പി ഓ മാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍, ജില്ലാതല ബാല സമിതി അംഗങ്ങള്‍, ജില്ലാ തല റിസോഴ്സ് പെഴ്സണ്‍മാര്‍, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പരിശീലനത്തിന്റെ ഭാഗമായി.